ബംഗളൂരു : കർണാടകത്തിൽ ദൾ-കോൺഗ്രസ് സഖ്യസർക്കാര്‍ താഴെ വീഴുമെന്ന രാഷ്ട്രീയ പ്രതിസന്ധികൾ ഉടലെടുത്തതിന് പിന്നാലെ പ്രതികരണവുമായി ബി.എസ് യെദ്യൂരപ്പ. സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചാൽ മാത്രം ഭാവി പരിപാടികൾ ആലോചിക്കുമെന്ന് യെദ്യൂരപ്പ പ്രതികരിച്ചു. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യവുമായി ഞങ്ങൾക്ക് ഒരു ബന്ധവുമില്ല. ഞങ്ങൾ നേരത്തേ ഈ സർക്കാർ താഴെ വീഴുമെന്ന് പ്രവചിച്ചിരുന്നു. ആഭ്യന്തര കലഹങ്ങളുടെ ഭാരം താങ്ങാൻ ഈ സർക്കാരിന് കഴിയില്ല. കാത്തിരുന്ന് കാണാമെന്ന നയമാണ് ബിജെപി സ്വീകരിക്കുന്നതെന്നും വേണ്ട സമയത്ത് വേണ്ട നടപടിയെടുക്കാമെന്നും യെദ്യൂരപ്പ വ്യക്തമാക്കി.
അതോടൊപ്പം തന്നെ രാജി വയ്ക്കാനെത്തിയ ഒരു എംഎൽഎയുടെ രാജിക്കത്ത് ഡി കെ ശിവകുമാർ കീറിയെറിഞ്ഞെന്ന ആരോപണവുമായും യെദ്യൂരപ്പ രംഗത്തെത്തി. സ്പീക്കറുടെ ഓഫീസിൽ വച്ചാണ് ഇത്തരം നിർഭാഗ്യകരമായ സംഭവങ്ങൾ നടക്കുന്നത്. ജനങ്ങൾ ഇത് കാണുന്നുണ്ടെന്ന് ഓർമ വേണമെന്നും അപലപനീയമാണിതെന്നും അദ്ദേഹം വിമർശിച്ചു.
സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ബിജെപിക്കുണ്ടെന്ന് കേന്ദ്രമന്ത്രി കൂടിയായ സദാനന്ദ ഗൗഡ അവകാശപ്പെടുന്നു. സർക്കാർ രൂപീകരിക്കുകയാണെങ്കിൽ യെദ്യൂരപ്പ തന്നെ മുഖ്യമന്ത്രിയാവും. ഗവർണറാണ് ഇതിൽ അന്തിമ തീരുമാനം സ്വീകരിക്കേണ്ടതെന്നും, ഗവർണർ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചാൽ അതിനുള്ള ഭൂരിപക്ഷമുണ്ടെന്നും സദാനന്ദ ഗൗഡ പറഞ്ഞു.
Post Your Comments