Latest NewsKerala

കെവിന്‍ വധക്കേസ്: നീനുവിന്റെ പ്രണയം അറിഞ്ഞിരുന്നില്ലെന്ന് ചാക്കോ കോടതിയില്‍

കെവിന്‍ കൊലക്കേസിലെ പ്രതികളെ കോടതി നേരിട്ടു വിചാരണ ചെയ്യുമ്പോഴാണ് ചാക്കോ മൊഴി നല്‍കിയത്

കോട്ടയം: നീനുവും കെവിനും തമ്മിലുള്ള പ്രണയബന്ധത്തെക്കുറിച്ച തനിക്ക് അറിയില്ലായിരുന്നു എന്ന് നീനുവിന്റെ പിതാവും കേസിലെ പ്രതിയുമായ ചാക്കോ ജോണ്‍. കെവിന്‍ കൊലക്കേസിലെ പ്രതികളെ കോടതി നേരിട്ടു വിചാരണ ചെയ്യുമ്പോഴാണ് ചാക്കോ മൊഴി നല്‍കിയത്. കെവിന്റെ ജാതിയും തനിക്ക് അറിയില്ലായിരുന്നു എന്ന് ചാക്കോ കോടതിയില്‍ പറഞ്ഞു. ഭാര്യയും നീനുവും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്നാണ് 16 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയത്. നീനുവിനെ മര്‍ദിച്ചെന്നും കൈപൊള്ളിച്ചെന്നുമുള്ള വാദം തെറ്റാണ്. നീനു സ്വന്തം അമ്മയുടെ വയറ്റില്‍ ചവിട്ടിയിട്ടുണ്ട്. അതിനെ തുടര്‍ന്നാണ് അവരുടെ ഗര്‍ഭപാത്രം നീക്കേണ്ടി വന്നതെന്നും ചാക്കോ കോടതിയില്‍ പറഞ്ഞു.

പ്രതികള്‍ കെവിനെ കൊന്നതു ദുരഭിമാനത്താലാണെന്ന ആരോപണത്തെ നിഷേധിക്കുന്നതാണു ചാക്കോയുടെ മൊഴി. നീനുവിന്റെയും മറ്റു പ്രധാന സാക്ഷികളുടേയും മൊഴികള്‍ പ്രതികള്‍ കോടതിയില്‍ നിഷേധിച്ചു. കേസിലെ പ്രധാന തെളിവായ മൊബൈല്‍ സന്ദേശം താന്‍ അയച്ചതല്ലെന്ന് ഒന്നാം പ്രതിയായ സാനു ചാക്കോ പറഞ്ഞു. കെവിനെ കൊല്ലുന്നതിനു മുന്‍പായി ‘അവന്‍ തീര്‍ന്നു..’എന്നു തുടങ്ങുന്ന സന്ദേശം സാനു ചാക്കോ പിതാവിന് അയച്ചിരുന്നതായി സാക്ഷിമൊഴികളുണ്ട്. കെവിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ മൊഴികളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കെല്ലാം അറിയില്ലെന്ന മറുപടിയാണു പ്രതികള്‍ നല്‍കിയത്.

ക്രിമിനല്‍ നടപടി നിയമം 313-ാം വകുപ്പ് പ്രകാരമുള്ള വിചാരണയാണ് കോടതിയില്‍ നടന്നത്. പ്രതികള്‍ക്ക് എതിരായി സാക്ഷികള്‍ നല്‍കിയിട്ടുള്ള മൊഴികളുടെ അടിസ്ഥാനത്തില്‍ ജഡ്ജി തന്നെ ചോദ്യങ്ങള്‍ തയാറാക്കി, കേസിലെ 14 പ്രതികളോടും നേരിട്ട് ചോദിക്കുന്ന രീതിയാണ് ഇത്. 250 പേജുകളിലുള്ള 400ല്‍ അധികം ചോദ്യങ്ങളാണു ജഡ്ജി ചോദിച്ചത്. 113 സാക്ഷികളില്‍ 99 പേരുടെ മൊഴികളെ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങളായിരുന്നു ഇത്. ഭൂരിഭാഗം ചോദ്യങ്ങള്‍ക്കും പ്രതികള്‍ നിഷേധ മറുപടിയാണു നല്‍കിയത്. വിചാരണ ഇന്നും തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button