KeralaLatest News

മൂന്നാര്‍ സ്പെഷ്യല്‍ ട്രിബ്യൂണല്‍ കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ നിലച്ചു; കേസുകള്‍ തിരിച്ചയച്ചു

ഇടുക്കി: മൂന്നാര്‍ സ്‌പെഷ്യല്‍ ട്രിബ്യൂണല്‍ കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിലച്ചു. കേസുകളില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ കഴിയാതെ വന്നതോടെയാണ് കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തിലായത്. ഇതോടെ ഇവിടെ പരിഗണിച്ചിരുന്ന കേസുകള്‍ മറ്റ് കോടതികളിലേക്ക് തിരിച്ചയച്ചു. എട്ടുവര്‍ഷം കൊണ്ട് പത്തുകോടി രൂപയോളമാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടതിയുടെ നടത്തിപ്പിന്റെ പേരില്‍ നഷ്ടമായത്. 2010ലാണ് എട്ട് വില്ലേജുകളില്‍ നിലനില്‍ക്കുന്ന ഭൂമി സംബന്ധമായ കേസുകളില്‍ പെട്ടന്ന് തീര്‍പ്പുകല്‍പ്പിക്കുന്നതിനുവേണ്ടി മൂന്നാര്‍ സ്‌പെഷ്യല്‍ ട്രിബ്യൂണല്‍ കോടതി ആരംഭിച്ചത്.

ഒരു ഹൈക്കോടതി ജഡ്ജിയും ഒരു വിരമിച്ച ജഡ്ജിയും ഒരു ഹൈക്കോടതി അഭിഭാഷകനും അടങ്ങുന്നതായിരുന്നു ട്രിബ്യൂണല്‍. എട്ട് വില്ലേജുകളിലെ മറ്റ് കോടതികളില്‍ നിലനില്‍ക്കുന്ന കേസുകളടക്കം ട്രിബ്യൂണല്‍ കോടതിയിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ ഈ കേസുകളിലൊന്നും തീര്‍പ്പുകല്‍പ്പിക്കാന്‍ മൂന്നാര്‍ സ്‌പെഷ്യല്‍ ട്രിബ്യൂണല്‍ കോടതിക്ക് കഴിഞ്ഞില്ല. തുടക്കം മുതലേ ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായിരുന്നു. വിധി പറഞ്ഞ കേസുകളിലെ ഭൂമി ഏറ്റെടുക്കുന്നതിനാകട്ടെ സര്‍ക്കാരിനും കഴിഞ്ഞില്ല.

മാത്രവുമല്ല ട്രിബ്യൂണല്‍ പ്രവര്‍ത്തനത്തിനായി കോടികള്‍ മുടക്കുമ്പോഴും കേസുകള്‍ കെട്ടിക്കിടന്നതോടെ പലഭാഗത്തു നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെ 2018ല്‍ ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കി സര്‍ക്കാര്‍ ഉത്തരവായി. എന്നാല്‍ കഴിഞ്ഞ മാസത്തോടെ ട്രിബ്യൂണലിലേക്ക് മാറ്റിയ കേസുകളുടെ ഫയല്‍ മുമ്പ് കേസ് നിലനിന്നിരുന്ന കോടതികളിലേക്ക് തിരിച്ചയക്കുകകൂടി ചെയ്തതോടെ മൂന്നാര്‍ ട്രിബ്യൂണല്‍ കോടതി പൂര്‍ണ്ണമായി അടച്ചുപൂട്ടി. കയ്യേറ്റ കേസുകളടക്കം കൈകാര്യം ചെയ്യുന്നതിന് ട്രിബ്യൂണലിനുവേണ്ട സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ലക്ഷ്യത്തിലേക്കെത്താന്‍ ട്രിബ്യൂണലിന് കഴിഞ്ഞിട്ടില്ലെന്നും ബാര്‍ അസോസിയേഷനും ആരോപിച്ചു. ട്രിബ്യൂണല്‍ കോടതി ലക്ഷ്യം കാണാതെ അസ്തമിക്കുകയാണുണ്ടായതെന്നും ബാര്‍ അസോസിയേഷന്‍ പറഞ്ഞു.ട്രിബ്യൂണല്‍ കോടതി നടത്തിപ്പിനായി ചെലവാക്കിയ തുക നഷ്ടമായതല്ലാതെ മറ്റൊരു പ്രയോജനവും എട്ട് വില്ലേജുകളിലെ ജനങ്ങള്‍ക്ക് ട്രിബ്യൂണല്‍ കോടതിയുടെ പ്രവര്‍ത്തനംകൊണ്ട് ഉണ്ടായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button