Latest NewsKerala

വിധി അനുകൂലമാകുമോ? ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ വാദം പൂര്‍ത്തിയായി, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം ഇന്ന്

മുംബൈ: ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. ജാമ്യാപേക്ഷയിന്‍ മേല്‍ മുംബൈ ദിന്‍ദോഷി സെഷന്‍സ് കോടതിയില്‍ ഇരുഭാഗങ്ങളുടെയും വാദം പൂര്‍ത്തിയായി. പരാതിക്കാരി സമര്‍പ്പിച്ച വിവാഹരേഖ വ്യാജമാണെന്ന് വാദിച്ച ബിനോയിയുടെ അഭിഭാഷകന്‍ അശോക് ഗുപ്ത ഡി.എന്‍.എ പരിശോധനയെ എതിര്‍ത്തു.

പരാതിക്കാരി സമര്‍പ്പിച്ച രേഖയില്‍ വൈരുധ്യങ്ങളുണ്ടെന്ന് ബിനോയിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ബിനോയിയുടേതെന്ന് യുവതി അവകാശപ്പെടുന്ന കുട്ടിയുടെ ജനനത്തിന് ശേഷമുള്ള തീയതിയിലാണ് നോട്ടറി രേഖപ്രകാരം വിവാഹം നടന്നിരിക്കുന്നത്. അതിനാല്‍ പ്രസ്തുത രേഖ തെളിവായി സ്വീകരിക്കരുത് എന്നും വാദിച്ചു.

ഒപ്പ് ബിനോയിയുടെതല്ലെന്നും അഭിഭാഷകന്‍ വാദിച്ചു. പിതാവ് മുന്‍മന്ത്രിയാണെന്ന് പരിഗണിക്കേണ്ടതില്ലെന്നും ബിനോയ് പ്രായപൂര്‍ത്തിയായ വ്യക്തിയാണെന്നും അഭിഭാഷകന്‍ പറഞ്ഞു. ഹിന്ദുനിയമപ്രകാരം രണ്ടാം വിവാഹത്തിന് സാധുതയില്ലാത്തതിനാല്‍ ചടങ്ങുകളൊഴിവാക്കി യുവതിയെ വിവാഹം കഴിച്ചുവെന്നത് അംഗീകരിക്കാനാവില്ലെന്നും അശോക് ഗുപ്ത വാദിച്ചു. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് കാണിക്കുന്ന ചിത്രങ്ങളും ബിനോയിയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി.

മുന്‍ വിവാഹം മറച്ചുവെച്ചാണ് തന്നെ ബിനോയ് വിവാഹം കഴിച്ചതെന്ന് യുവതിയുടെ അഭിഭാഷകന്‍ ഇന്നലെ വാദിച്ചു. കൂടാതെ കുട്ടിയുടെ അച്ഛന്‍ ബിനോയ് ആണെന്നതിന് തെളിവ് പാസ്പോര്‍ട്ടാണെന്നും യുവതിയുടെ അഭിഭാഷകന്‍ അബ്ബാസ് മുക്ത്യാര്‍ പറഞ്ഞു. യുവതിയുടെ പാസ്പോര്‍ട്ടിലും ഭര്‍ത്താവിന്റെ പേര്‍ ബിനോയ് എന്നാണ്.

ബിനോയിയും അമ്മയും നിരന്തരം ഭീഷണിപ്പെടുത്തിയെന്നും യുവതി ചൂണ്ടിക്കാട്ടി. കുട്ടിയെ തട്ടിക്കൊണ്ടുപോകുമെന്നുവരെ ഭീഷണിയുണ്ടായെന്ന് യുവതി കോടതിയില്‍ പറഞ്ഞു. സിപിഎമ്മിന്റെ ഉയര്‍ന്ന നേതാവാണെന്നും ജാമ്യം കിട്ടിയാല്‍ തെളിവ് നശിപ്പിക്കുമെന്നും തന്റെയും മകന്റെയും ജീവന് ഭീഷണിയാവുമെന്നും യുവതിയുടെ അഭിഭാഷകന്‍ പറഞ്ഞു. ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷം കോടതി വിധി പറയാനായി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button