നെടുങ്കണ്ടം : പീരുമേട് പൊലീസ് സ്റ്റേഷനിലെ ദിനരാത്രങ്ങള്‍ നീണ്ട ക്രൂരതയെ തുടര്‍ന്ന് രാജ്കുമാര്‍ മരിച്ചത് സര്‍ക്കാരിനെയും പൊലീസ് സേനയെയും പ്രതിരോധത്തിലാക്കിയ സംഭവമാണ്. പൊതുജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ട പൊലീസുകാര്‍ തന്നെ മനുഷ്യ ജീവന്‍ അപഹരിക്കുന്ന വിചിത്ര സംഭവങ്ങളാണ് ഇവിടെ അരങ്ങേറുന്നത്.
സംഭവത്തെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് ലൊലീസുകാരുടെ മൊഴി എടുത്തപ്പോള്‍ പൊരുത്തക്കേടുകള്‍ ഏറെയായിരുന്നു. ഈ വൈരുദ്ധ്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത് ജയിലറകളില്‍ കാക്കിക്കുള്ളിലെ ക്രൂരന്‍മാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നുമ്ട് എന്ന് തന്നെയാണ്. മര്‍ദനമേറ്റ് രാജ് കുമാര്‍ മരിച്ചു എങ്കില്‍ ജീവച്ചവമാകും വരെ തല്ലിപ്പഴുപ്പിച്ചും കൊല്ലാകൊലചെയ്തും പ്രതികള്‍ക്ക് മേല്‍ അരിശം തീര്‍ക്കുന്ന പോലീസുകാരുടെ കാടത്യത്തിന്റെ കഥകള്‍ ഇനിയുമുണ്ട്.
കുടുംബവഴക്കിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത മുണ്ടിയെരുമ സ്വദേശി ഹക്കിമിനെ രാപകല്‍ തല്ലിച്ചതച്ചു. മര്‍ദനമേറ്റ യുവാവ് പിടിച്ചുനിന്ന ഗ്രില്‍ വളഞ്ഞു. മര്‍ദനമേറ്റയാളുടെ മാതാവിനെ വിളിച്ചുവരുത്തി ഈ ഗ്രില്‍ മാറ്റിവയ്പ്പിച്ചു.16 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞശേഷമാണ് ഹക്കിം ചികില്‍സയ്‌ക്കെത്തിയത്. ഹക്കിമിനെ മര്‍ദിച്ചത് രാജ്കുമാര്‍ ഉരുട്ടലിന് വിധേയനായ അതേ ദിവസമാണ്. രാജ്കുമാറിന്റെ നിലവിളി കേട്ടെന്ന് ഹക്കിം പറയുന്നു.
രാജ്കുമാറിനെ മര്‍ദിച്ച എസ്‌ഐയും പൊലീസുകാരുമാണ് ഹക്കിമിനേയും മര്‍ദിച്ചത്. മര്‍ദന മുറകള്‍ മാറി മാറി പരീക്ഷിക്കുമ്പോള്‍ ഇങ്ങനെ ഒന്ന് രണ്ട് രാജ് കുമാറുമാര്‍ മരിച്ചെന്നൊക്കെ വരും അതൊന്നും അത്ര കാര്യമാക്കാനില്ലെന്നാണ് പൊലീസുകാര്‍ ധരിച്ചു വെച്ചിരിക്കുന്നത്. രാജ്കുമാര്‍ കസ്റ്റഡി മരണത്തിലൂടെ എങ്കിലും ഇതിനെല്ലാം ഒരു അറുതി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
Post Your Comments