പത്തനംതിട്ട ജില്ലയിലെ കുളനട തുമ്പമൺ നോർത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക അനുജയുടെ മരണത്തിൽ അടിമുടി ദുരൂഹത. അനുജയും സ്വകാര്യ ബസ് ഡ്രൈവറായ ഹാഷിമും സുഹൃത്തുക്കളായിരുന്നു. ഇരുവരും വർഷങ്ങളായി അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. ഇരുവരെയും ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇപ്പോഴിതാ, അനുജയെ കുറിച്ച് വെളിപ്പെടുത്തി പ്രദേശവാസികൾ രംഗത്ത്. അനുജ നല്ല കുട്ടി ആയിരുന്നുവെന്നും, കൂടെ മരണപ്പെട്ട ഹാഷിം എന്ന് പറയുന്ന യുവാവ് ഇടയ്ക്കിടെ ഇവിടെ വരാറുണ്ടായിരുന്നു എന്നുമാണ് തങ്ങളുടെ അറിവെന്ന് പ്രദേശവാസികൾ പറയുന്നു.
ഇതിനിടെ തനറെ മകൻ ഹാഷിം ആത്മഹത്യ ചെയ്യില്ലെന്നും ഒരു ഫോൺകോൾ വന്ന ശേഷമാണ് മകൻ വീട്ടിൽ നിന്നിറങ്ങിയതെന്നും പിതാവ് ഹക്കിം പറഞ്ഞു. ഉടൻ മടങ്ങിവരാമെന്നാണ് വീട്ടിൽ നിന്നിറങ്ങുമ്പോൾ പറഞ്ഞത്. പിന്നീട് കേൾക്കുന്നത് അപകട വാർത്തയാണ്. കാറിൽ ഒപ്പമുണ്ടായിരുന്ന അനുജയെ തനിക്ക് പരിചയമില്ലെന്നും ഹക്കിം പറഞ്ഞു.
അതേസമയം, വിനോദയാത്ര കഴിഞ്ഞു മടങ്ങി വരുകയായിരുന്ന അനുജയെ ബലംപ്രയോഗിച്ചാണ് ഹാഷിം കാറിൽ കയറ്റിക്കൊണ്ടു പോയത്. കുളക്കടയിലെത്തിയപ്പോഴാണ് അനുജ സഞ്ചരിച്ച വാഹനത്തിനു മുന്‍പില്‍ ഹാഷിം വണ്ടി ക്രോസ് ചെയ്ത് നിര്‍ത്തിയത്. ശേഷം കാറിൽനിന്ന് ഇറങ്ങിവന്ന ഹാഷിം അനുജ അടക്കമുള്ള അധ്യാപകർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിക്കുകയായിരുന്നു. ആദ്യം ഹാഷിമിനൊപ്പം പോവാൻ അനുജ തയാറായിരുന്നില്ല. തന്റെ കൊച്ചച്ചന്റെ മകനാണ് ഹാഷിം എന്നാണ് അനുജ വാഹനത്തിലുണ്ടായ മറ്റ് അധ്യാപകരോട് പറഞ്ഞത്. വിഷയം വഷളാകുമെന്ന് കണ്ടതോടെ അനുജ വാഹനത്തിൽ നിന്നിറങ്ങി ഹാഷിമിനൊപ്പം കാറിൽ പോവുകയായിരുന്നു.
സംഭവത്തിൽ അസ്വാഭാവികത തോന്നി അനുജയെ വിളിച്ച അധ്യാപകരോട് തങ്ങൾ മരിക്കാൻ പോവുകയാണെന്നാണ് അനുജ പറഞ്ഞത്. അനുജയെ ഫോണിൽ വിളിച്ചപ്പോൾ കരയുന്നുണ്ടായിരുന്നുവെന്നും അധ്യാപകർ പറയുന്നു. കുറച്ചു സമയത്തിന് ശേഷം വീണ്ടും വിളിച്ചപ്പോള്‍ സേഫ് ആണെന്ന് പറഞ്ഞുവെന്നും മൊഴിയിലുണ്ട്. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ഭർത്താവിനെ വിളിച്ച് വിവരം പറഞ്ഞു. അപ്പോഴാണ് ഇങ്ങനെയൊരു സഹോദരന്‍ ഇല്ലെന്ന് അറിയുന്നത്. തുടര്‍ന്ന് അടൂര്‍ പൊലീസില്‍ പരാതി നല്‍കി. ഇതിനു പിന്നാലെയാണ് അപകട വിവരം അറിയുന്നത്. ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെയാണ് അടൂര്‍ ഏഴംകുളം പട്ടാഴിമുക്കില്‍ വച്ച് അമിതവേഗതയിലെത്തിയ കാര്‍ കണ്ടെയ്നർ ലോറിയിലേക്ക് ഇടിച്ചുകയറിയത്. നൂറനാട് സ്വദേശിയാണ് അനുജ. ഹാഷിം ചാരുമൂട് സ്വദേശിയാണ്.
Post Your Comments