തൃശൂര്‍: എക്സൈസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച്ച പറ്റിയതായി പ്രാഥമിക അന്വേഷണത്തിൽ സ്ഥിരീകരണം. ഇതു സംബന്ധിച്ച റിപ്പോർട്ട് എക്സൈസ് കമ്മീഷ്‌ണർ ഇന്ന് സമർപ്പിക്കും. യുവാവ് മരിച്ചത് മര്‍ദ്ദനമേറ്റെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നലെ പുറത്തു വന്നിരുന്നു. തലയ്ക്കും മുതുകിനുമേറ്റ മര്‍ദ്ദനമാണ് മരണകാരണം. മലപ്പുറം തിരൂര്‍ സ്വദേശി രഞ്ജിത് കുമാറാണ് എക്സൈസ് കസ്റ്റഡിയില്‍ മരിച്ചത്. രണ്ടു കിലോ കഞ്ചാവുമായാണ് രഞ്ജിത് കുമാറിനെ എക്സൈസ് പിടികൂടിയത്.
കസ്റ്റഡിയിൽ കഴിയുകയായിരുന്ന രഞ്ജിത്തിന് പെട്ടന്ന് അപസ്മാരം ഉണ്ടാകുകയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നുമാണ് എക്സൈസ് വിശദീകരിക്കുന്നത്. എന്നാൽ ആശുപത്രിയിൽ എത്തും മുൻപേ പ്രതി മരിച്ചിരുന്നുവെന്നും ശരീരം നനഞ്ഞ നിലയിലായിരുന്നുവെന്നും സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ വ്യക്തമാക്കി.
ഒന്നിലേറെ കഞ്ചാവു കേസുകളിൽ പ്രതിയായ രഞ്ജിത്ത് ഗുരുവായൂർ മേഖലയിൽ കഞ്ചാവു വിൽപന നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് മലപ്പുറം സ്വദേശി രഞ്ജിത്തിനെ ഗുരുവായൂരിൽനിന്നും എക്സൈസ് സംഘം പിടികൂടിയത്. രണ്ട് കിലോ കഞ്ചാവ് ഇയാളിൽനിന്നും പിടിച്ചെടുത്തിരുന്നു. നാലു കിലോ കഞ്ചാവുമായി ഇതേ സ്ക്വാഡ് തന്നെ രഞ്ജിത്തിനെ മുൻപും പിടികൂടിയിട്ടുണ്ട്.
Post Your Comments