തൊടുപുഴ : രാജ് കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോഴുള്ള പുതിയ കണ്ടെത്തലുകള്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഗതി മാറ്റും. കേസില്‍ കൂടുതല്‍ പൊലീസുകാര്‍ പ്രതികളാകുമെന്നു സൂചന. മൃതദേഹം ആദ്യം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത പൊലീസ് സര്‍ജന്‍ ഉള്‍പ്പെടെയുള്ളവര്‍ വകുപ്പുതല നടപടി നേരിടേണ്ടി വരുമെന്നതും ഉറപ്പായി.
കുമാറിന്റെ മൃതദേഹം, കോട്ടയം മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് വിഭാഗം അസി. പ്രഫസറും പിജി വിദ്യാര്‍ഥിയും ചേര്‍ന്നാണ് ആദ്യം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. മൃതദേഹത്തിലെ മുറിവുകളുടെ പഴക്കം രേഖപ്പെടുത്താത്തതും, ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കായി അയയ്ക്കാത്തതും ഏറെ വിമര്‍ശനത്തിനിടയാക്കി. തുടര്‍ന്നാണു മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ജുഡീഷ്യല്‍ കമ്മിഷന്‍ ഉത്തരവിട്ടത്.
ആദ്യ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തള്ളി ജുഡീഷ്യല്‍ കമ്മിഷന്‍ ശക്തമായി രംഗത്തെത്തിയതോടെ ക്രൈംബ്രാഞ്ചും കേസ് അന്വേഷണത്തിന്റെ ഗതി മാറ്റുന്നതിന്റെ ആലോചനയിലാണ്. കസ്റ്റഡി മരണക്കേസില്‍ മുന്‍ നെടുങ്കണ്ടം എസ്‌ഐ ഉള്‍പ്പെടെ 7 പേരെ മാത്രമാണു ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.ഇടുക്കി മുന്‍ എസ്പി, കട്ടപ്പന മുന്‍ ഡിവൈഎസ്പി എന്നിവരുടെ പങ്ക് സംബന്ധിച്ച്, അറസ്റ്റിലായ ഉദ്യോഗസ്ഥര്‍ എല്ലാവരും മൊഴി നല്‍കിയെങ്കിലും, ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തയാറായിട്ടില്ല.
ആദ്യ പോസ്റ്റ്‌മോര്‍ട്ടത്തെക്കാള്‍ കൂടുതല്‍ മുറിവുകള്‍ കുമാറിന്റെ മൃതദേഹത്തില്‍ ഉണ്ടെന്നും ചതവുകളാണു ഏറെയുമെന്നാണു കസ്റ്റഡി മരണം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മിഷന്‍ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് അറിയിച്ചത്. വിശദമായ റിപ്പോര്‍ട്ട് 2 ആഴ്ചയ്ക്കുള്ളില്‍, വിദഗ്ധ സംഘം ജുഡീഷ്യല്‍ കമ്മിഷനു കൈമാറും.
Post Your Comments