അബൂദബി : കാലാവസ്ഥാ വ്യതിയാനത്തിനെതിരെ യോജിച്ച മുന്നേറ്റം അനിവാര്യമാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടറസ്. ഹരിത സമ്പദ്ഘടനയാണ് ലോകത്തിന് ആവശ്യമെന്നും അബൂദബിയില്‍ അദ്ദേഹം വ്യക്തമാക്കി. കലാവസ്ഥാ വ്യതിയാനവും അതുമായി ബന്ധപ്പെട്ട പ്രതിസന്ധികളും ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ സംബന്ധിക്കാനാണ്
യു.എന്‍ സെക്രട്ടറി ജനറല്‍ അബൂദബിയില്‍ എത്തിയത്. അബുദാബി എമിറേറ്റ്‌സ് പാലസില്‍ നടക്കുന്ന കാലാവസ്ഥാ യോഗത്തില്‍ 150 രാജ്യങ്ങളില്‍ നിന്ന് 80 മന്ത്രിമാര്‍ പങ്കെടുക്കുന്നുണ്ട്. ന്യൂയോര്‍ക്കില്‍ സെപ്റ്റംബര്‍ 21 മുതല്‍ 23 വരെ നടക്കുന്ന യുഎന്‍ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിക്കു മുന്നോടിയായാണ് ഈ സമ്മേളനം.
2015ലെ പാരീസ് ഉടമ്പടി നടപ്പാക്കാന്‍ എല്ലാ രാജ്യങ്ങളും തയാറാകണമെന്ന ആവശ്യകതയും യു.എന്‍ സെക്രട്ടറി ജനറല്‍ മുന്നോട്ടു വെച്ചു. 2050 ഓടെ ആഗോള താപനവര്‍ധന തോത് രണ്ട് ഡിഗ്രി സെല്‍ഷ്യസിലും താഴെയാക്കാനുള്ള തീരുമാനമാണ് കരാറിലെ മുഖ്യ സവിശേഷത.ഇതിനായി 2020മുതല്‍ 6.7 ലക്ഷം കോടി രൂപയാണ് സമ്പന്നരാജ്യങ്ങള്‍ വികസ്വരരാജ്യങ്ങള്‍ക്ക് നല്‍കുക. ഇതോടെ, കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള ആഗോളശ്രമങ്ങളില്‍ 1997ലെ ക്യോട്ടോ പ്രോട്ടോകോളിനുപകരം ഇനി പാരിസ് ഉടമ്പടി ആധാരമാകും.
കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ ലോകരാഷ്ട്രങ്ങള്‍ കൈക്കൊള്ളുന്ന നടപടികളുടെ പുരോഗതി ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും പുനരവലോകനം ചെയ്യുക താപനിലയിലെ വര്‍ധനവ് ക്രമേണ 1.5 ഡിഗ്രി സെല്‍ഷ്യസിലേക്ക് പരിമിതപ്പെടുത്തുക തുടങ്ങിയവയാണ് പാരിസ് ഉച്ചകോടിയിലെ പ്രധാന നിര്‍ദേശങ്ങള്‍. ഹരിതഗൃഹവാതകം പുറന്തള്ളുന്നതില്‍ സംതുലനാവസ്ഥ ഈ നൂറ്റാണ്ടിന്റെ പകുതിയോടെ സാധ്യമാക്കാന്‍ ലക്ഷ്യമിടുന്നതാണ് പാരിസ് ഉടമ്പടി.
മുമ്പ് പ്രവചിച്ചതിനേക്കാള്‍ തീവ്രതിയിലും വേഗതയിലുമാണ് കാലാവസ്ഥാ വ്യതിയാനം ലോകത്തെ വേട്ടയാടുന്നത്. കൂടുതല്‍ ആപല്‍ക്കരമായ അവസ്ഥ നമ്മെ തുറിച്ചു നോക്കുന്നതായും ഗുട്ടറസ് ട്വിറ്ററില്‍ കുറിച്ചു. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനുമായി നടത്തിയ ചര്‍ച്ചയില്‍, കലാവസ്ഥാ വ്യതിയാനം നേരിടാന്‍ യു.എഇ കൈക്കൊള്ളുന്ന നടപടികള്‍ക്ക് അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു.
Post Your Comments