അബുദാബി: എല്ലാ മതങ്ങളിൽ നിന്നുമുള്ള ആരാധകർക്ക് പ്രാർത്ഥിക്കാനും, അവരുടെ വിശ്വാസം സംരക്ഷിക്കാനും വേണ്ടി അബുദാബി വിമാനത്താവളത്തിൽ പ്രത്യേക പ്രാർത്ഥന മുറി തുറന്നു. അബുദാബി വിമാനത്താവളങ്ങളിലെയും കമ്മ്യൂണിറ്റി വികസന വകുപ്പിലെയും പ്രധാന പ്രതിനിധികൾ പ്രാർത്ഥനാ മുറിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
അബുദാബി എയർപോർട്ട് ചെയർമാൻ ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൺ അൽ നഹ്യാൻ, വിമാനത്താവളങ്ങളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബ്രയാൻ തോംസൺ, ആക്ടിംഗ് ചീഫ് ഓപ്പറേഷൻ ഓഫീസർ അഹമ്മദ് ജുമ അൽ ഷംസി, കമ്മ്യൂണിറ്റി ഡവലപ്മെൻറ് വകുപ്പ് ചെയർമാൻ ഡോ. മുഗീർ ഖാമിസ് അൽ ഖൈലി, എന്നിവർ ചടങ്ങിലുണ്ടായിരുന്നു. “ഒരു ആഗോള ഹബ് എന്ന നിലയിൽ, എല്ലാ മേഖലകളിലെയും യാത്രക്കാരെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു, ഞങ്ങളുടെ ബഹു വിശ്വാസ പ്രാർത്ഥന മുറി സംരംഭം എല്ലാ യാത്രകളിലും ഞങ്ങളുടെ യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ശ്രമിക്കുന്നു.” വിമാനത്താവളങ്ങളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബ്രയാൻ തോംസൺ പറഞ്ഞു.
പൊതു ധാർമ്മികത ലംഘിക്കാതെ സ്ഥാപിതമായ ആചാരങ്ങൾക്കനുസൃതമായി മതാരാധന നടത്താനുള്ള സ്വാതന്ത്ര്യം യു എ ഇ ചാർട്ടറിലെ ആർട്ടിക്കിൾ 32 അനുശാസിക്കുന്നു. സഹിഷ്ണുത, മിതത്വം, സമാധാനപരമായ സഹവർത്തിത്വം എന്നിവയ്ക്കുള്ള അന്താരാഷ്ട്ര കേന്ദ്രമെന്ന നിലയിൽ യു എ ഇയുടെ സ്ഥാനം ഉയർത്താനാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്ന് കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് ചെയർമാൻ ഡോ. മുഗീർ ഖാമിസ് അൽ ഖൈലി പറഞ്ഞു.
അബുദാബിയിൽ എല്ലാ മതങ്ങളിൽ നിന്നുമുള്ള ആരാധകർക്ക് അവരുടെ വിശ്വാസം നടപ്പിലാക്കാൻ ഉചിതമായ സൗകര്യങ്ങളുണ്ടെന്ന് ഉറപ്പാക്കലാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം. അബുദാബിയിലുടനീളമുള്ള മറ്റ് നിരവധി മത വിശ്വാസികൾക്കും, യാത്രക്കാർക്കും എയർപോർട്ട് ജീവനക്കാർക്കുമായി പ്രാർത്ഥന മുറി സമർപ്പിക്കും.
Post Your Comments