ന്യൂഡൽഹി ; മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഔദ്യോഗിക വസതി ഒഴിഞ്ഞു . സുഷമ തന്നെയാണ് തന്റെ ട്വിറ്ററിൽ ഇക്കാര്യം അറിയിച്ചത് . ഡൽഹി സഫ്ദർജംഗ് ലൈനിലാണ് സുഷമയുടെ ഔദ്യോഗിക വസതി . വസതി താൻ ഒഴിയുകയാണെന്നും, ഇനി മുതൽ തന്റെ പഴയ വിലാസത്തിലും ഫോൺ നമ്പറിലും താൻ ലഭ്യമാകില്ല എന്നുമാണ് സുഷമ ട്വിറ്റർ വഴി അറിയിച്ചത്. ഈ സന്ദേശം കണ്ട നിരവധി പേർ സുഷമയ്ക്ക് യാത്ര പറഞ്ഞുകൊണ്ട് ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തു. വിദേശകാര്യമന്ത്രി ആയിരുന്നപ്പോഴുള്ള സുഷമയുടെ സേവനങ്ങൾക്കും ഇവർ നന്ദി അറിയിച്ചു.
സുഷമയുടെ പാത പിന്തുടരാൻ തനിക്ക് അഭിമാനമാണുള്ളതെന്ന് ഇപ്പോഴത്തെ വിദേശകാര്യമന്ത്രി ഡോക്ടർ എസ്. ജയ്ശങ്കർ പറഞ്ഞു.’ഇതാണ് സത്യസന്ധതയുടെ സൗന്ദര്യം. ചിലർ മന്ത്രിയായുള്ള സേവനം അവസാനിപ്പിച്ച ശേഷവും ഔദ്യോഗിക വസതിയിൽ താമസിക്കുന്നു. ഇതാ തന്റെ ജോലി ഭംഗിയായി തീർത്ത ഒരു മന്ത്രി. മാഡം, താങ്കളെ ഞങ്ങൾക്ക് മിസ് ചെയ്യും.’ സുഷമയുടെ ആരാധകൻ ട്വിറ്ററിൽ കുറിച്ചു .
നിങ്ങളാണ് നവ ഇന്ത്യ ഭരിച്ചിട്ടുള്ള ഏറ്റവും ബഹുമാനം അർഹിക്കുന്ന മന്ത്രി. ഔദ്യോഗിക വസതിയിൽ നിന്നും ഇറങ്ങിയെങ്കിലും എന്നും ഞങ്ങളുടെ ഹൃദയത്തിൽ നിങ്ങൾക്ക് താമസിക്കാം. നിങ്ങളെ പോലുള്ള നേതാക്കളാണ് രാഷ്ട്രീയരംഗം സുന്ദരമാക്കുന്നത്.’ ബോളിവുഡ് നടനും ബി.ജെ.പി അനുഭാവിയുമായ അനുപം ഖേർ പറഞ്ഞു.
Post Your Comments