ചെറുപ്പകാലത്ത് പാകിസ്ഥാനില്‍ എത്തപ്പെട്ട ഗീത എന്ന ബധിരയും മൂകയുമായ ഇന്ത്യന്‍ പെണ്‍കുട്ടി തിരികെ നാട്ടിലെത്തിയ വാര്‍ത്ത കുറച്ച് നാള്‍ മുന്‍പാണ് നാം കണ്ടത്. ഗീതയെ തിരികെയെത്തിച്ചതിന് അന്ന് വിദേശകാര്യമന്ത്രിയായ സുഷമാ സ്വരാജിന്റെ പ്രവര്‍ത്തനങ്ങളായിരുന്നു മുന്നിട്ടു നിന്നത്. അതേസമയം ഗീതയെ തിരികെയെത്തിക്കുന്നതില്‍ ചെറുതല്ലാത്ത പങ്കുവഹിച്ചൊരു സംഘടനയുണ്ട്. പാകിസ്ഥാനിലെ പ്രധാന മനുഷ്യാവകാശ സംഘടനകളിലൊന്നായ ഈദി ഫൗണ്ടേഷനായിരുന്നു അത്.
1951ല്‍ അബ്‌ദുള്‍ സത്താര്‍ ഈദി എന്ന സാമൂഹ്യ പ്രവര്‍ത്തകനാണ് ഈദി ഫൗണ്ടേഷന്‍ സ്ഥാപിച്ചത്. 1928ല്‍ ഗുജറാത്തില്‍ ബന്ത്‌വ പട്ടണത്തിലാണ് അബ്‌ദുള്‍ സത്താര്‍ ഈദി ജനിച്ചത്. ഇന്ത്യ-പാക് വിഭജന ശേഷം പാകിസ്ഥാനിലേക്ക് പോയ അദ്ദേഹം തന്റെ ഇരുപത്തി മൂന്നാം വയസില്‍ പാകിസ്ഥാനിലെ കറാച്ചി ആസ്ഥാനമായി മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കായി ഈദി ഫൗണ്ടേഷന്‍ സ്ഥാപിച്ചു. 1965ല്‍ നഴ്‌സായ ബില്‍ക്കിസിനെ വിവാഹം ചെയ്‌ത അദ്ദേഹത്തിന് നാല് മക്കളുണ്ട്. ഇവരെല്ലാം ഈദി ഫൗണ്ടേഷന്‍ പ്രവര്‍ത്തനത്തില്‍ സജീവമാണ്.
ആരോഗ്യ പ്രവര്‍ത്തകനായ അദ്ദേഹം നീണ്ട 65 വര്‍ഷം സംഘടനയെ നയിച്ചു. രോഗങ്ങളും ദുരിതങ്ങളും മൂലം കഷ്‌ടതയനുഭവിച്ച പാകിസ്ഥാനിലെ ജനങ്ങള്‍ക്ക് നിരന്തരം സേവനം നല്‍കി ഈദി ഫൗണ്ടേഷന്‍ അവിടെ മാത്രമല്ല അന്താരാഷ്‌ട്ര തലത്തില്‍ പോലും പ്രശസ്‌തി നേടി. അവരുടെ പ്രവര്‍ത്തനങ്ങള്‍ വളരെയേറെ പ്രശസ്തമാണ്. കൊവിഡ് പോലുളള അടിയന്തര ഘട്ടങ്ങളിലും ആശുപത്രികളിലും ചികിത്സ ആവശ്യമായവര്‍ക്കും ഉപേക്ഷിക്കപ്പെട്ടവര്‍ക്കും വേണ്ടി ഈദി ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നു.
മെഡിക്കല്‍ രംഗത്ത് മാത്രമല്ല അഗതികള്‍ക്കും, അനാഥര്‍ക്കും, വൈകല്യം സംഭവിച്ചവര്‍ക്കും, വനിതാ ശിശു സംരക്ഷണത്തിനും, കാണാതായവരെ കണ്ടെത്തുന്നതിനും, വിദ്യാഭ്യാസത്തിനും, വായു-കര-ജലമാര്‍ഗങ്ങളിലൂടെ ആംബുലന്‍സ് സൗകര്യത്തിനുമെല്ലാം എപ്പോഴും സന്നദ്ധമാണ് ഈദി ഫൗണ്ടേഷന്‍. പാകിസ്ഥാനില്‍ മാത്രം 1800 ആംബുലന്‍സ് വാനുകളാണ് സംഘടനയ്‌ക്കുളളത്. രാജ്യത്തെ ഏത് പ്രദേശത്ത് നിന്നും 10 മിനിട്ടിനകം വൈദ്യ സഹായമെത്തിക്കുന്നുണ്ട് ഈദി ഫൗണ്ടേഷന്‍. ഒരു ദിവസം പതിനായിരക്കണക്കിന് വിളികളാണ് സഹായം ചോദിച്ച് ഇവര്‍ക്കെത്തുന്നത്.
ഇന്ത്യ, പാകിസ്ഥാന്‍, അഫ്‌ഗാനിസ്ഥാന്‍, മാലിദ്വീപ്, ശ്രീലങ്ക എന്നീ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ സജീവമായി തന്നെ ഈദി ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.മഹാവ്യാധിയെ അകറ്റാന്‍ അന്താരാഷ്‌ട്ര തലത്തില്‍ സഹായം ആവശ്യമുളളവര്‍ക്ക് വേണ്ടിയും ഈദി ഫൗണ്ടേഷന്‍ സഹായമേകാറുണ്ട്. ഓക്‌സിജന്‍ ക്ഷാമവും മറ്റ് കൊവിഡ് പ്രതിസന്ധികളും കൊണ്ട് പൊറുതിമുട്ടുന്ന ഇന്ത്യയിലേക്ക് 50 ആംബുലന്‍സുകള്‍ അയക്കാന്‍ ഈദി ഫൗണ്ടേഷന്‍ മുന്നോട്ടു വന്നിട്ടുണ്ട്.
അബ്‌ദുള്‍ സത്താര്‍ ഈദിയുടെ മകനും ഇപ്പോള്‍ ഈദി ഫൗണ്ടേഷന്റെ ഡയറക്‌ടറുമായ ഫൈസല്‍ ഈദിയാണ് ഈ സഹായം നല്‍കാന്‍ മുന്നോട്ട് വന്നത്. ആംബുലന്‍സുകള്‍ക്കൊപ്പം വളണ്ടിയര്‍മാരെയും ഇന്ത്യയിലേക്കയക്കാന്‍ സംഘടന തയ്യാറായി.പാകിസ്ഥാനില്‍ തീവ്രവാദികള്‍ തട്ടിയെടുത്ത് വധിച്ച ഡാനിയല്‍ പേള്‍ എന്ന അമേരിക്കന്‍ മാദ്ധ്യമ പ്രവര്‍ത്തകന്റെ ശരീരം കണ്ടെത്താന്‍ അമേരിക്കയെ സഹായിച്ചതും ഈദി ഫൗണ്ടേഷനാണ്. സാമൂഹിക പ്രവര്‍ത്തനം നടത്തുന്നവര്‍ക്കുളള ഏഷ്യയിലെ ഏറ്റവും വലിയ പുരസ്‌കാരമായ മാഗ്‌സസെ പുരസ്‌കാരം അബ്‌ദുള്‍ സത്താര്‍ ഈദിക്കും ഭാര്യ ബില്‍ക്കിസിനും ലഭിച്ചത് ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമായാണ്.
Post Your Comments