ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ നിന്നും സുഷമ സ്വരാജ് തിരികെ കൊണ്ടുവന്ന ഗീത ഇനി അനാഥയല്ല, അവള്‍ തന്റെ അമ്മയെ ഇന്ത്യയില്‍ നിന്നും കണ്ടെത്തി. ഡിഎന്‍എ ടെസ്റ്റിലൂടെയാണ് ഗീതയുടെ അമ്മയെ തിരിച്ചറിഞ്ഞത്. കുട്ടിയായിരിക്കെ സംഝോതാ എക്സ്പ്രസില്‍ അബദ്ധത്തില്‍ പാകിസ്ഥാനിലേക്ക് പോയ ഗീത പിന്നീട് 12 വര്‍ഷത്തിന് ശേഷം 2015ലാണ് ജന്മനാട്ടിലേക്ക് തിരികെയെത്തിയത്. ബധിരയും മൂകയുമായ ഗീതയെ തിരികെയെത്തിക്കാന്‍ അന്നത്തെ വിദേശകാര്യമന്ത്രിയായിരുന്ന സുഷമാ സ്വരാജ് ആണ് മുന്‍കൈയെടുത്തത്.
അന്നുമുതല്‍ ഇന്ത്യയിലെ തന്റെ ബന്ധുക്കളെ അന്വേഷിക്കുന്ന 29 കാരിയായ ഗീതയ്ക്ക് ഒടുവില്‍ ഇപ്പോള്‍ സ്വന്തം അമ്മയെ തിരികെ ലഭിച്ചിരിക്കുകയാണ്. പാകിസ്ഥാനിലെത്തിയ ഗീതയെ അവിടെ പ്രശസ്തമായ ഏധി ഫൗണ്ടേഷന്റെ ഒരു പ്രവര്‍ത്തകനാണ് സംരക്ഷിച്ചത്. ഫാത്തിമ എന്ന പേരും നല്‍കി. എന്നാല്‍ പിന്നീട് ഹിന്ദു പെണ്‍കുട്ടിയാണ് എന്ന് മനസിലാക്കിയ അവര്‍ അവള്‍ക്ക് ഗീത എന്ന് പേരിട്ടു.
ഗീതയ്ക്ക് സ്വന്തം അമ്മയെ ലഭിച്ച വിവരം അറിയുന്നതും ഏധി ഫൗണ്ടേഷനില്‍ നിന്നാണ്. ഫൗണ്ടേഷന്റെ നടത്തിപ്പുകാരിയായ ബില്‍കിസ് ഏധിയോട് ഗീത തന്നെ അറിയിച്ചതാണ് ഇക്കാര്യം. ഗീതയുടെ ശരിക്കുളള പേര് രാധ വാഘ്മറെ എന്നാണെന്നും മഹാരാഷ്ട്രയിലെ നയിഗാവൊന്‍ ഗ്രാമത്തില്‍ നിന്നാണ് ഗീതയ്ക്ക് അമ്മയെ ലഭിച്ചതെന്നും ബില്‍ക്കിസ് അറിയിച്ചു.
read also: ശബരിമലയിലെ യുവതീ പ്രവേശനത്തിലെ ഇരട്ടത്താപ്പ് : ജ്യോതിയുടെ പോസ്റ്റ് കോണ്‍ഗ്രസിന് തലവേദന
ഡിഎന്‍എ ടെസ്റ്റിലൂടെയാണ് തന്റെ അമ്മയെ ഗീതയ്ക്ക് തിരിച്ചറിയാന്‍ സാധിച്ചത്. ഗീതയുടെ അച്ഛന്‍ കുറച്ച് നാള്‍ മുന്‍പ് മരണമടഞ്ഞു. പുനര്‍ വിവാഹം ചെയ്ത അമ്മ മീന ഇപ്പോഴും നയിഗാവൊന്‍ ഗ്രാമത്തിലുണ്ട്. മാതാവിനെ കണ്ടെത്തിയതോടെ വളരെയധികം സന്തോഷത്തിലാണ് ഗീതയെന്നും ഫൗണ്ടേഷന്‍ അധികൃതര്‍ പറഞ്ഞു.
Post Your Comments