Latest NewsIndia

ഔദ്യോഗിക വസതി ഒഴിയുന്നുവെന്ന് അറിയിച്ച് മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്

ന്യൂ ഡൽഹി: മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഔദ്യോഗിക വസതി ഒഴിയുന്നു എന്നറിയിച്ചു കൊണ്ട് ട്വീറ്റ് ചെയ്തിരിക്കയാണ്. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു മാസം തികയുന്ന സമയത്താണ് മുന്‍ സര്‍ക്കാരിന്റെ കാലത്ത് തനിക്ക് അനുവദിച്ചിരുന്ന വസതിയില്‍ നിന്ന് താമസം മാറുകയാണെന്ന് സുഷമ അറിയിച്ചത്. ന്യൂഡല്‍ഹി, 8, സഫദര്‍ജംഗ് ലെയിനിലുള്ള ഔദ്യോഗിക വിലാസത്തിലോ, ഫോണ്‍നമ്പറിലോ ഇനി തന്നെ കിട്ടില്ലെന്നും വസതിയില്‍ നിന്ന് മാറുകയാണെന്നും കാണിച്ച്‌ അവര്‍ ട്വീറ്റ് ചെയ്തു.

സ്ഥാനമൊഴിഞ്ഞ സുഷമ ഒരു മാസത്തിനകം വീട് ഒഴിയുമെന്ന് അറിയിച്ചതോടെ സുഷമയുടെ തീരുമാനത്തെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. പദവി ഒഴിഞ്ഞാലും ഔദ്യോഗിക ബംഗ്ലാവില്‍ നിന്നും താമസം മാറാത്ത രാഷ്ട്രീയക്കാര്‍ സുഷമയെ കണ്ട് പഠിക്കണമെന്നാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ പറയുന്നത്.

മന്ത്രിസ്ഥാനം ഒഴിഞ്ഞ ശേഷം സുഷമ സ്വരാജ് ആന്ധ്രാ പ്രദേശിന്റെ ഗവർണർ സ്ഥാനം ഏറ്റെടുക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഈ വാർത്ത തെറ്റാണെന്ന് പറഞ്ഞുകൊണ്ട് സുഷമ സ്വരാജ് തന്നെ രംഗത്ത് വന്നിരുന്നു.

മന്ത്രിസ്ഥാനത്ത് ഇരുന്ന സമയത്ത് മികച്ച പ്രകടനം കാഴ്ച വച്ചതിന്റെ പേരിൽ നിരവധി തവണ സുഷമയെ തേടി പ്രശംസകൾ എത്തിയിരുന്നു. മാത്രമല്ല സോഷ്യൽ മീഡിയയിലൂടെ, പ്രത്യേകിച്ച് ട്വിറ്ററിലൂടെ, ജനങ്ങളുമായി അടുത്തിടപഴകാനും സുഷമ സ്വരാജ് ശ്രദ്ധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button