തൊടുപുഴ : റിമാന്‍ഡിലിരിയ്ക്കെ മരിച്ച കുമാറിന് നാല് ദിവസം പൊലീസിന്റെ ക്രൂര പീഡനം : ബൂട്ടിട്ട പൊലീസുകാര്‍ കുമാറിന്റെ കാലുകളില്‍ കയറി നിന്ന് ചവിട്ടി : പുറത്തുവരുന്നത് പൊലീസിന്റെ അതിക്രൂര പീഡനം . പീരുമേട് ജയിലില്‍ റിമാന്‍ഡിലിരിക്കെ മരിച്ച കുമാറിന് (49), പൊലീസ് കസ്റ്റഡിയില്‍ ഏറ്റ മര്‍ദനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇന്റലിജന്‍സ് വിഭാഗമാണ് കണ്ടെത്തിയിരിക്കുന്നത്.
ഇന്റലിജെന്‍സ് വിഭാഗം കണ്ടെത്തിയ വിവരങ്ങള്‍ ഇങ്ങനെ..
നെടുങ്കണ്ടം സ്റ്റേഷനില്‍ പൊലീസുകാരുടെ വിശ്രമമുറി തന്നെയാണ് ഇടിമുറിയും. കുമാര്‍ 4 ദിവസം ഇവിടെയായിരുന്നു.
മര്‍ദിച്ചത് എഎസ്‌ഐയും 2 പൊലീസ് ഡ്രൈവര്‍മാരും. മേല്‍നോട്ടം ഒരു ഉന്നത ഉദ്യോഗസ്ഥന്‍.
ലാത്തി കൊണ്ട് കാല്‍ മുട്ടിനു താഴെ ഉരുട്ടി. കാല്‍ വണ്ണയില്‍ അടിച്ചു. കുമാറിന്റെ ഇരു കാലുകളിലും പൊലീസ് ഡ്രൈവര്‍മാര്‍ കയറി നിന്നു. ഇവര്‍ മദ്യപിച്ചിരുന്നതായും സൂചന.
ശരീരത്തിലേറ്റ 32 മുറിവുകളില്‍ ഏറെയും അരയ്ക്കു താഴെ. ചോദ്യം ചെയ്യലിനിടെ ഉന്നത ഉദ്യോഗസ്ഥന്‍ അടിവയറ്റില്‍ ആഞ്ഞു ചവിട്ടി. ഈ ചവിട്ടിലാണ് കുമാര്‍ കുഴഞ്ഞു വീണതെന്നു പറയുന്നു.
ഈ ദിവസങ്ങളില്‍ സ്റ്റേഷനില്‍ നിന്നു രാത്രി നിലവിളി കേട്ടതായി സമീപവാസികള്‍.
12ന് കുമാറിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ എത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയിലുണ്ട്. അപ്പോള്‍ ആരോഗ്യവാനായി നടന്നാണു വരുന്നത്. എന്നാല്‍ 16ന് അറസ്റ്റ് രേഖപ്പെടുത്തി മജിസ്‌ട്രേട്ടിനു മുന്നിലേക്കു കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളില്ല. തെളിവു നശിപ്പിക്കാന്‍ ദൃശ്യങ്ങള്‍ മായ്ച്ചതെന്നു സംശയം. മര്‍ദനം നടക്കുമ്പോഴും സിസിടിവി ഓഫ് ചെയ്തു.
16 ന് പുലര്‍ച്ചെ ഇടുക്കി മജിസ്‌ട്രേട്ടിനു മുന്‍പാകെ ഹാജരാക്കിയപ്പോള്‍, പ്രതി തീര്‍ത്തും അവശനായിരുന്നതിനാല്‍ പൊലീസ് വാഹനത്തിന് അടുത്തെത്തിയാണു റിമാന്‍ഡ് നടപടികള്‍ മജിസ്‌ട്രേട്ട് പൂര്‍ത്തിയാക്കിയത്.
എഴുന്നേറ്റു നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണു ജയിലിലെത്തിച്ചതെന്ന് പീരുമേട് സബ് ജയില്‍ സൂപ്രണ്ട് ജി. അനില്‍കുമാര്‍.
പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹത്തിന്റെ ചിത്രം വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് പൊലീസ് പിടിച്ചുവാങ്ങി നശിപ്പിച്ചു
Post Your Comments