ന്യൂഡല്‍ഹി: ഓഫീസ് ജീവനക്കാരെ വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിക്ക് കത്തയച്ചു. തന്റെ ഓഫീസിന്റെ പ്രവര്‍ത്തനത്തിന് 14 ജീവനക്കാരെ തന്നെ നിലനിര്‍ത്തണമെന്ന മന്‍മോഹന്‍ സിംഗിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. സര്‍ക്കാര്‍ നടപടിക്കെതിരെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മന്‍മോഹന്‍ സിംഗ് കത്തയച്ചു.സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം പതിനാലില്‍നിന്ന് അഞ്ചായാണ് കുറച്ചത്.
നിലവിലെ ചട്ടപ്രകാരം അഞ്ചു വര്‍ഷത്തേക്കാണ് മുന്‍ പ്രധാനമന്ത്രിമാര്‍ക്ക് കാബിനറ്റ് മന്ത്രിമാര്‍ക്കു ലഭിക്കുന്ന തോതില്‍ ഓഫിസ് സംവിധാനങ്ങളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുക. എന്നാല്‍ അഞ്ചു വര്‍ഷത്തിനു ശേഷവും ഇതു നീട്ടിനല്‍കുകയാണ് പതിവ്. ഐകെ ഗുജറാള്‍, ദേവഗൗഡ തുടങ്ങിയ മുന്‍ പ്രധാനമന്ത്രിമാര്‍ക്ക് ഈ സംവിധാനം ദീര്‍ഘിപ്പിച്ചു നല്‍കിയിരുന്നു. മന്‍മോഹന്‍ പ്രധാനമന്ത്രിയായിരുന്ന സമയത്ത് അടല്‍ ബിഹാരി വാജ്‌പേയിക്കും സൗകര്യങ്ങള്‍ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കിയിരുന്നു.
ഇക്കാര്യം കൂടി ചൂണ്ടിക്കാട്ടിയാണ് മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. സ്ഥാനമൊഴിഞ്ഞ് അഞ്ചു വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഓഫിസ് സൗകര്യം ദീര്‍ഘിപ്പിച്ചുനല്‍കാന്‍ മന്‍മോഹന്‍ പ്രധാനമന്ത്രിയുടെ ഓഫിസിന് കത്തു നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ട്. ഇതു തള്ളിയാണ് ജീവനക്കാരെ പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തത്. മുന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ മന്‍മോഹന്‍ സിംഗിന് 14 ജീവനക്കാരെ അനുവദിച്ചിരുന്നത് 5 ആയാണ് വെട്ടിച്ചുരുക്കിയത്.
മെയ് 26ന് രണ്ടാം മോഡി സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന് നാല് ദിവസം മുമ്പാണ് മന്‍മോഹന്‍ സിംഗിന്റെ ജീവനക്കാരെ വെട്ടിക്കുറച്ചത്. നിലവില്‍ രണ്ട് പേഴ്‌സണല്‍ അസിസ്റ്റന്റുമാര്‍, ഒരു എല്‍.ഡി ക്ലാര്‍ക്ക്, രണ്ട് പ്യൂണ്‍ എന്നിങ്ങനെയാണ് മന്‍മോഹന്‍ സിംഗിന്റെ ജീവനക്കാര്‍.14 ഓഫീസ് ജീവനക്കാര്‍, ഓഫീസ് നിര്‍വഹണത്തിന്റെ ചെലവ്, ചികിത്സാ ചെലവുകള്‍, ആഭ്യന്തര വിമാന യാത്രാ ടിക്കറ്റുകള്‍, എസ്.പി.ജി സുരഷ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.
അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ ഒരു പേഴ്‌സണല്‍ അസിസ്റ്റന്റിനേയും ഒരു പ്യുണിനേയും സര്‍ക്കാര്‍ ചെലവില്‍ ഒപ്പം നിര്‍ത്താം. എന്നാൽ അഞ്ചുവർഷം കഴിഞ്ഞ സാഹചര്യത്തിൽ മൻമോഹൻ സിങ്ങിന് അഞ്ചു ജീവനക്കാരെയാണ് ഇപ്പോൾ കേന്ദ്രം നൽകിയിരിക്കുന്നത്.
Post Your Comments