Latest NewsIndiaNews

‘ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ആശങ്കയേക്കാൾ ശുഭാപ്തിവിശ്വാസമുണ്ട്, ഇന്ത്യ ചെയ്തതാണ് ശരി’:സർക്കാരിനെ പുകഴ്ത്തി മൻമോഹൻ സിങ്

ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ സാമ്പത്തികമായ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്നതിനെ പുകഴ്ത്തി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. സാമ്പത്തിക കാര്യങ്ങളിൽ ഇന്ത്യ ചുവടുകൾ മുന്നോട്ട് വെയ്ക്കുമ്പോഴും, സമാധാനത്തിനായി അഭ്യർത്ഥിക്കാൻ മടിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യ സ്വീകരിച്ച നിലപാടിനെ അഭിനന്ദിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ചെയ്തത് ശരിയായ കാര്യമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ആശങ്കയേക്കാൾ ശുഭാപ്തിവിശ്വാസമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

2004 മുതൽ 2014 വരെ താൻ പ്രധാനമന്ത്രിയായിരുന്ന കാലയളവിനെ അപേക്ഷിച്ച് ആഭ്യന്തര രാഷ്ട്രീയത്തിൽ വിദേശനയത്തിന്റെ വർദ്ധിച്ച പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് ഇന്ത്യയുടെ വിദേശനയം തന്റെ കാലത്ത് ഉണ്ടായിരുന്നതിനേക്കാൾ ഏറെ പ്രധാനമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം തുറന്നു സമ്മതിക്കുന്നത്.

‘രണ്ടോ അതിലധികമോ ശക്തികൾ യുദ്ധത്തിൽ ഏർപ്പെട്ടാൽ ഓരോരുത്തരുടേയും പക്ഷത്ത് കക്ഷി ചേരാൻ വലിയ തോതിൽ സമ്മർദ്ദമുണ്ടാകും. സമാധാനത്തിന് വേണ്ടി അഭ്യർത്ഥിക്കുന്നതിനൊപ്പം രാജ്യത്തിന്റെ പരമാധികാരത്തിനും സാമ്പത്തിക താത്പര്യങ്ങൾക്കും പ്രഥമസ്ഥാനം നൽകണം. അക്കാര്യത്തിൽ ഇന്ത്യ ശരിയായ പാതയിൽ ആയിരുന്നുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

നയതന്ത്ര കാര്യങ്ങളിൽ ഞാൻ പ്രധാനമന്ത്രിക്ക് ഉപദേശങ്ങളൊന്നും നൽകേണ്ട കാര്യമില്ല. ജി20 ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നതിൽ ഞാൻ ഏറെ സന്തോഷവാനാണ്. ജി20 ഉച്ചകോടിക്ക് ഇന്ത്യ ലോക നേതാക്കളെ സ്വീകരിക്കുമ്പോ ഞാൻ ഉൾപ്പെടെയുള്ളവർ സാക്ഷികളാണ്. വിദേശനയം ഇന്ത്യയുടെ ഭരണത്തിൽ പ്രധാന ഘടകം തന്നെയാണ്. ഇന്ത്യയുടെ വിദേശനയം ഇന്ന് തന്റെ കാലത്ത് ഉണ്ടായിരുന്നതിനേക്കാൾ ഏറെ പ്രധാനമായി മാറിയിരിക്കുകയാണ്’, മുൻ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button