Latest NewsIndia

മഹാസഖ്യം തകര്‍ന്നു; എസ്പി സംഖ്യത്തിന്റെ ആവശ്യമില്ല, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ നേരിടുന്നതെങ്ങനെയെന്ന് വ്യക്തമാക്കി മായാവതി

ലക്‌നൗ : എസ്പിബിഎസ്പി മഹാസഖ്യം വീണ്ടും തകര്‍ന്നു. വര്‍ഷങ്ങള്‍ നീണ്ട പിണക്കം മറന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇരുകൂട്ടരും വീണ്ടും ഒന്നിച്ചിരുന്നു എങ്കിലും വരാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളെയും ഒറ്റയ്ക്ക് നേരിടുമെന്നും ബിജെപിയെ തോല്‍പിക്കാന്‍ എസ്പി സഖ്യം പോരെന്നും ബിഎസ്പി അധ്യക്ഷ മായാവതി പറഞ്ഞു. മഹാഘട്ബന്ധന്‍ ഇല്ലാതായെന്നും അവര്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനുശേഷം എസ്പി തലവന്‍ അഖിലേഷ് യാദവ് തന്നെ വിളിച്ചതുപോലുമില്ലെന്നും മായാവതി കുറ്റപ്പെടുത്തി.

‘2012-2017 കാലത്തെ എസ്പി ഭരണകാലത്ത് ബിഎസ്പിക്കെതിരെയുണ്ടായ നടപടികളും ദലിത് വിഭാഗത്തിനെതിരെ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങളുമെല്ലാം മറന്നതാണ്. സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നതുപോലും മറന്ന് എസ്പിക്കൊപ്പം ചേര്‍ന്നത് മഹാസഖ്യത്തിന്റെ ‘ധര്‍മം’ മനസ്സിലുള്ളതു കൊണ്ടായിരുന്നു. രാജ്യതാല്‍പര്യം സംരക്ഷിക്കുന്നതിനാണ് എസ്പിക്കൊപ്പം ചേര്‍ന്നിരുന്നത്’ എന്നുമായിരുന്നു മായാവതി ട്വീറ്റ് ചെയ്തത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്പി, ബിഎസ്പി, ആര്‍എല്‍ഡി സഖ്യം ചേര്‍ന്നാണ് മഹാഘട്ബന്ധന്‍ രൂപീകരിച്ചത്. എന്നാല്‍ ബിഎസ്പിക്ക് യുപിയില്‍ ആകെ ലഭിച്ചത് 10 സീറ്റ്, എസ്പിക്ക് അഞ്ചും. ആര്‍എല്‍ഡിക്ക് സീറ്റൊന്നും ലഭിച്ചില്ല. ഇതിനു പിന്നാലെ മഹാസഖ്യത്തോടു വിടപറഞ്ഞ് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ വെവ്വേറെ മത്സരിക്കാന്‍ ബിഎസ്പിയും എസ്പിയും ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

യാദവ വോട്ടുകള്‍ സ്വന്തമാക്കാന്‍ കഴിയാത്ത എസ്പിയുമായി കൈകോര്‍ത്തിട്ടു കാര്യമില്ലെന്നു വിലയിരുത്തിയ ബിഎസ്പി 11 മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ തനിച്ചു മത്സരിക്കുമെന്നും വ്യക്തമാക്കി. ബിജെപിയെ നേരിടാന്‍ 2019 ഏപ്രിലിലാണ് എസ്പിയും ബിഎസ്പിയും യുപിയില്‍ കൈകോര്‍ത്തത്. എസ്പിയുമായി ഇതിനു മുന്‍പ് മായാവതി കൈകോര്‍ത്തത് 1993ലാണ്. യുപിയില്‍ ബിജെപിയെ പുറത്താക്കാനുള്ള ഐക്യം പക്ഷേ, രണ്ടു വര്‍ഷത്തിനുള്ളില്‍ തകര്‍ന്നു. 1995ല്‍ മായാവതിയെ എസ്പി പ്രവര്‍ത്തകര്‍ സംസ്ഥാന ഗെസ്റ്റ് ഹൗസില്‍ ആക്രമിച്ചതാണു വേര്‍പിരിയലില്‍ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button