കണ്ണൂര്‍: പ്രവാസി വ്യവസായി ജീവനൊടുക്കിയ സംഭവത്തില്‍ ആന്തൂര്‍ നഗരസഭയ്ക്കും ചെയര്‍പേഴ്‌സണും വീഴ്ച പറ്റിയെന്നു സി.പി.എം. വിലയിരുത്തല്‍. സി.പി.എം. ജില്ലാ കമ്മിറ്റി അംഗവും കേന്ദ്രകമ്മിറ്റിയംഗം എം.വി. ഗോവിന്ദന്റെ ഭാര്യയുമായ നഗരസഭാധ്യക്ഷ പി.കെ. ശ്യാമളയ്‌ക്കെതിരേ അച്ചടക്കനടപടിക്കു നീക്കം. ശ്യാമളയെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തുനിന്നു മാറ്റണമെന്നും പാര്‍ട്ടിയില്‍ ഒരുവിഭാഗം ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ചേര്‍ന്ന തളിപ്പറമ്പ് ഏരിയാ കമ്മിറ്റി നഗരസഭാധ്യക്ഷയുടെ രാജി ആവശ്യപ്പെട്ടിരുന്നു.
എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍, കടുത്ത വിമര്‍ശനമാണു ശ്യാമളയ്‌ക്കെതിരേ ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് യോഗത്തില്‍ അവര്‍ കരയുകയും ചെയ്തു. അതിനിടയില്‍ സാജന്‍ ആത്മഹത്യ ചെയ്തതില്‍ അന്വേഷണം ആവശ്യപ്പെട്ടു ഭാര്യ ബീന മുഖ്യമന്ത്രിക്കു പരാതി നല്‍കി. നഗരസഭാധ്യക്ഷ ശ്യാമളയ്ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേ കേസെടുക്കണമെന്നാണ് ആവശ്യം. സാജന്റെ ഭാര്യയ്ക്കു പരാതിയുണ്ടെങ്കില്‍ പോലീസ് അന്വേഷണം നടത്തുമെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
ശ്യാമളയുടെയും ഉദ്യോഗസ്ഥരുടെയും പീഡനമാണ് ആത്മഹത്യയ്ക്കു കാരണമെന്നു പരാതിയില്‍ പറയുന്നു. ഇവര്‍ക്കെതിരേ ആത്മഹത്യാപ്രേരണയ്ക്കു കേസെടുക്കണമെന്ന് ആവശ്യപ്പെട്ട ബീന, അനുമതി തരില്ലെന്നു പി.കെ. ശ്യാമളയും സെക്രട്ടറിയും പറഞ്ഞെന്നു പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ ആന്തൂര്‍ വിഷയം സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നു ചര്‍ച്ചചെയ്യും.കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഏരിയാ കമ്മിറ്റി ശ്യാമളയ്‌ക്കെതിരേ നടപടി ശിപാര്‍ശ ചെയ്തതായാണു സൂചന.
നഗരസഭാധ്യക്ഷയുടെ ഏകപക്ഷീയെശെലി പാര്‍ട്ടിയും ജനങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയെന്നു യോഗം കുറ്റപ്പെടുത്തി.പ്രശ്‌നം അടുത്ത ജില്ലാ കമ്മിറ്റിയില്‍ ചര്‍ച്ചചെയ്യും. പാര്‍ട്ടി അനുഭാവിയായ സാജന്‍ പാറയില്‍ നഗരസഭാധ്യക്ഷയ്‌ക്കെതിരേ മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കിയിരുന്നു. കെട്ടിടാനുമതി പ്രശ്‌നത്തില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ സാജന് അനുകൂലമായി ഇടപെട്ടതും നഗരസഭാധ്യക്ഷയെ പ്രകോപിപ്പിച്ചതായി ഏരിയാ കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.
ആന്തൂര്‍ വിഷയത്തില്‍ പ്രതിരോധത്തിലായതോടെ സി.പി.എം. ഇന്നു തളിപ്പറമ്പിലെ ധര്‍മശാലയില്‍ രാഷ്ട്രീയവിശദീകരണയോഗം വിളിച്ചു. ഈ യോഗത്തില്‍ എം.വി. ഗോവിന്ദന്‍ പങ്കെടുത്തേക്കില്ല.
Post Your Comments