Latest NewsKerala

വീട്ടമ്മയുടെ ആറ് പവന്റെ മാല കവർന്നു; സമീപവാസിയായ യുവാവ് പൊലീസ് പിടിയിൽ

മലയിൻകീഴ്: സമീപവാസിയായ യുവാവ് വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി വീട്ടമ്മയുടെ ആറ് പവന്റെ മാല കവർന്നു. യുവാവിനെ മലയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു. വിളവൂർക്കൽ മലയം കാവടി വിള വീട്ടിൽ ജയശങ്കറി(28)നെയാണ് സംഭവം നടന്ന് രണ്ടാം നാൾ മലയിൻകീഴ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഹെൽമറ്റ് ധരിച്ചെത്തിയ പ്രതി വിളവൂർക്കൽ മലയം ഇന്ദ്രനീലത്തിൽ റയിൽവേ ഉദ്യോഗസ്ഥനായ വേലായുധൻ നായരുടെ ഭാര്യ ശ്രീകല(50)യുടെ മാലയുമായി കടന്നത്. ഈ സമയം ശ്രീകല വീട്ടിൽ ഒറ്റയ്ക്കായിരുന്നു.

മുൻവാതിൽ തുറന്നു കിടക്കുകയായിരുന്നു. അതു വഴി അകത്തു കയറിയ പ്രതി ഹാളിൽ കിടക്കുകയായിരുന്ന ശ്രീകലയുടെ മാല ആദ്യം പിടിച്ചു വലിക്കാൻ ശ്രമിച്ചു. പേടിച്ചു നില വിളിച്ച ശ്രീകലയെ ക്ലോറോഫോം നനച്ച പഞ്ഞി കൊണ്ടു ബോധംകെടുത്താൻ ശ്രമിച്ചെങ്കിലും വിഫലമായി. നിലത്തു വീണ ശ്രീകലയുടെ കഴുത്തിൽ നിന്നും ബലമായി താലി മാല ഊരി എടുത്തു. മുൻവശത്തെ വാതിൽ പൂട്ടി പുറത്തിറങ്ങി ജയശങ്കർ സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു. വീടുമായി അടുപ്പം ഉള്ള വ്യക്തിയാണ് പിന്നിലെന്ന് സംഭവ ദിവസം തന്നെ പൊലീസിന് സംശയം ഉണ്ടായിരുന്നു.

സംഭവം നടന്ന വീട്ടിൽ നിന്നും കണ്ടെടുത്ത ക്ലോറോഫോം മുക്കിയ പഞ്ഞി നിർണായകമായി. ശ്രീകലയുടെ വീടുമായി നല്ല അടുപ്പം ഉണ്ടായിരുന്ന ജയശങ്കർ മാല കവർന്ന ശേഷം അവിടെ പോയിരുന്നില്ല. സംശയം തോന്നിയ പൊലീസ് ജയശങ്കറിനെ ഇന്നലെ രാവിലെ തന്ത്രപരമായി സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. വിരലടയാള വിദഗ്ധർ നടത്തിയ പരിശോധനയിലും ചില സൂചനകൾ ലഭിച്ചു. തുടർന്ന് സമീപവാസികളെയും, ബന്ധുക്കളെയും പൊലീസ് രഹസ്യമായി നിരീക്ഷിച്ചു.

വീട്ടിലെ വാതിലിലെയും പഞ്ഞിയിലെയും വിരലടയാളം പ്രതിയുടേതാണെന്ന് പൊലീസിന് വ്യക്തമായി. വിളവൂർക്കൽ പൊറ്റയിൽ ഉള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് മാല പണയം വച്ചത്. ഇവിടെ നിന്നു പ്രതിയുമായി എത്തി പൊലീസ് മാല കണ്ടെടുത്തു. സംഭവം നടന്ന വീട്ടിലും തെളിവെടുപ്പ് നടത്തി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. മലയിൻകീഴ് സിഐ അനിൽകുമാർ, എസ്ഐ സൈജു എന്നിവരുടെ നേതൃത്വത്തിൽ റൂറൽ ഷാഡോ പൊലീസ് ഉൾപ്പെടുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button