ആലപ്പുഴ: അനർഹമായി കൈവശം വച്ചിരിക്കുന്ന റേഷൻ കാർഡുകൾ പിടികൂടി, അമ്പലപ്പുഴ താലൂക്കിൽ അനർഹമായി കൈവശം വച്ചിട്ടുള്ള മുൻഗണനാ, എ.എ.വൈ കാർഡുടമകളെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി അമ്പലപ്പുഴ താലൂക്ക് സപ്ലൈ ആഫീസറുടെ നേതൃത്വത്തിൽ വീടുകൾതോറും നടത്തിയ പരിശോധനയിൽ അനർഹമായി കൈവശം വച്ച 12 മുൻഗണനാ കാർഡുകളും, ഒരു എ.എ.വൈ കാർഡും ഉൾപ്പെടെ 13 കാർഡുകൾ കാർഡുടമകളിൽ നിന്നും പിടിച്ചെടുത്തു.
1955 ലെ ഇ.സി. ആക്ട് വകുപ്പ് 7 പ്രകാരം മേൽപ്പടി കാർഡുടമകളിൽ നിന്നും നാളിതുവരെ അനർഹമായി കൈപ്പറ്റിയ റേഷൻ വിഹിതത്തിന്റെ മാർക്കറ്റ് വിലയും, പിഴയും ഈടാക്കുന്നതും മറ്റു നിയമനടപടികൾ സ്വീകരിക്കുന്നതുമായിരിക്കും.
കൂടാതെ വരും ദിവസങ്ങളിലും താലൂക്കിൽ മുഴുവൻ അനർഹരെയും കണ്ടെത്തി പിഴ ഈടാക്കുന്നതും, പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതുമാണെന്ന് അമ്പലപ്പുഴ താലൂക്ക് സപ്ലൈ ആഫീസർ അറിയിച്ചു. താലൂക്ക് സപ്ലൈ ഓഫീസർ ബി. പത്മകുമാർ, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ മിനിമോൾ കെ., ഗീത എസ്. എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Post Your Comments