കൊച്ചി : കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുമായി ബന്ധം ആരോപിക്കപ്പെടുന്ന രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്തിയോ എന്നു ഹൈക്കോടതി വാക്കാല്‍ ചോദിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയ കൊലപാതകമാണ്.
ഇതിന്റെ ഗൂഢാലോചന അന്വേഷിച്ചോ എന്നും രാഷ്ട്രീയ ഉന്നതരുടെ പങ്ക് അന്വേഷിച്ചോ എന്നുമാണ് കോടതി ചോദിച്ചത്. കേസ് അന്വേഷിക്കാന്‍ സിബിഐയെ ചുമതലപ്പെടുത്തിയ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇത് പരിഗണിക്കവേയാണ് ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം ചോദിച്ചത്. പ്രധാന നേതാവിനൊപ്പം പ്രതി നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹത്തില്‍ പ്രചരിക്കുന്നുണ്ട്. ഇത് ഉന്നതര്‍ക്ക് പങ്കുണ്ട് എന്ന സംശയം ജനിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കും വിശദമായ അന്വേഷണത്തിലൂടെ കൃത്യമായ കാര്യങ്ങള്‍ പുറത്തുകൊണ്ടുവരണമെന്നും ഉയര്‍ന്ന തലത്തില്‍ അന്വേഷണം നടക്കണമെന്നും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ച് വാക്കാല്‍ അറിയിച്ചു.
2018 ഫെബ്രുവരി 12 നാണു ഷുഹൈബ് കൊല്ലപ്പെട്ടത്. അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചതായി കുറ്റപ്പെടുത്തി ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ 2018 മാര്‍ച്ച് 7നാണു കോടതി അന്വേഷണം സിബിഐയ്ക്കു വിട്ടത്. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലാണു ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്. അതേ സമയം കേസിന്റെ ഗൂഢാലോചന അന്വേഷിച്ചു എന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
ആക്രമണത്തില്‍ നേരിട്ടു പങ്കെടുത്ത 4 പേര്‍ക്കും വാഹനത്തിന്റെ ഡ്രൈവര്‍ക്കും പുറമേ 6 പേര്‍ക്കു ഗൂഢാലോചനയില്‍ പങ്കുണ്ട്. ഇവരെ കണ്ടെത്തി കേസില്‍ പ്രതി ചേര്‍ത്തും എന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസന്വേഷണം ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു.
Post Your Comments