കയ്റോ: വിചാരണയ്ക്കിടെ കോടതിമുറിയില്‍ കുഴഞ്ഞുവീണ ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി (67) ആശുപത്രിയില്‍ മരിച്ചു. നിരോധിത സംഘടനയായ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ മുന്‍ നേതാവായ അദ്ദേഹം ചാരവൃത്തിക്കേസിലാണ് വിചാരണ നേരിട്ടിരുന്നത്.ജഡ്‌ജിയോട് 20 മിനിറ്റ് സംസാരിച്ച മുര്‍സി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ജനാധിപത്യരിതീയില്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഈജിപ്ഷ്യന്‍ പ്രസിഡന്റാണ് മുര്‍സി. 2011-ലെ ജനാധിപത്യപ്രക്ഷോഭത്തിനു പിന്നാലെ നടന്ന തിരഞ്ഞെടുപ്പിലാണ് മുര്‍സി അധികാരത്തിലേറിയത്. അന്ന് നിയമസാധുതയുണ്ടായിരുന്ന മുസ്‌ലിം ബ്രദര്‍ഹുഡിന്റെ സ്ഥാനാര്‍ഥിയായിരുന്നു അദ്ദേഹം. 2012-ല്‍ പ്രസിഡന്റായ അദ്ദേഹത്തെ കൃത്യം ഒരുവര്‍ഷത്തിനുശേഷം സൈന്യം അട്ടിമറിച്ചു.
ഇറാന്‍, ഖത്തര്‍, ഗാസയിലെ ഹമാസ് തുടങ്ങിയവയെ നിരീക്ഷിക്കാന്‍ ചരവൃത്തി നടത്തി എന്നതുള്‍പ്പെടെയുള്ള കേസുകള്‍ചുമത്തി അദ്ദേഹത്തെ ജയിലിലടച്ചു. ഇദ്ദേഹത്തിന്റെ പ്രതിരോധമന്ത്രിയായിരുന്ന അബ്ദുള്‍ ഫത്ത അല്‍ സിസിയാണ് പിന്‍ഗാമിയായി അധികാരത്തിലേറിയത്. പിന്നാലെ മുസ്‌ലിം ബ്രദര്‍ഹുഡിനെ നിരോധിച്ചു.ഭീകരപ്രവര്‍ത്തനത്തിന് ആലോചന നടത്തിയെന്ന കുറ്റവും മുർസി നേരിടുന്നുണ്ട്.
Post Your Comments