Latest NewsIndiaInternational

ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടായിരുന്ന ഈജിപ്തിനെ ഇന്ത്യ കൈവിട്ടില്ല: കാരണമിത്

ന്യൂഡൽഹി: ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടായിരുന്ന ഈജിപ്ത് നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്.കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഈജിപ്ഷ്യന്‍ കറന്‍സി പൗണ്ടിന് പകുതി മൂല്യം നഷ്ടപ്പെട്ടിരുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഈജിപ്തിന്റെ പണപ്പെരുപ്പം 24.4 ശതമാനമായി ഉയര്‍ന്നു. രാജ്യത്തിന്റെ വിദേശ കടം ഏകദേശം 170 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.ഇത്തരമൊരു സാഹചര്യത്തില്‍ ഈജിപ്തിനെ സഹായിച്ചിരുന്ന സൗദി അറേബ്യ,യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങള്‍ അതില്‍ നിന്ന് പിന്മാറുകയാണ്. ഈജിപ്ത് ഇപ്പോള്‍ തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുകയാണ്.

ഈജിപ്തില്‍ നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് ഈ ഗള്‍ഫ് രാജ്യങ്ങള്‍ ഈജിപ്ഷ്യന്‍ സര്‍ക്കാരിനുള്ള സാമ്പത്തിക സഹായം നിര്‍ത്തിയതായി സമീപകാല റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ഈജിപ്തില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയ ഈ രാജ്യങ്ങളെ പ്രസിഡന്റ് സിസിയുടെ പ്രവര്‍ത്തികള്‍ നിരാശപ്പെടുത്തിയതിനാലാണ് ഈജിപ്തിനുളള സാമ്പത്തിക പിന്തുണ അവര്‍ പിന്‍വലിക്കുന്നത്.

രാജ്യം ഭരിക്കുന്നതില്‍ സിസി പരാജയമാണെന്ന് തെളിഞ്ഞതായി ചില നിരീക്ഷകര്‍ പറയുന്നു.ഈജിപ്ത് ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുന്നു. അതിനാല്‍ തന്നെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ഈ രാജ്യങ്ങള്‍ ഈജിപ്തിനെ സഹായിക്കുന്നില്ല. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങള്‍ സിസിയെ നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ്. സിസിക്ക് ബദല്‍ കണ്ടെത്താനും ഈ രാജ്യങ്ങള്‍ ഈജിപ്ഷ്യന്‍ സൈന്യത്തിന്മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായാണ് റിപ്പോര്‍ട്ടുകളുളളത്.

എന്നാല്‍ ഈജിപ്തിനെ സംബന്ധിച്ച് ഇന്ത്യ നല്‍കുന്ന പിന്തുണ വര്‍ധിച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഈജിപ്തിനെ ക്ഷണിച്ചിരിക്കുകയാണ്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയെയാണ് ഇന്ത്യ മുഖ്യാതിഥിയായി ക്ഷണിച്ചിരിക്കുന്നത്. ജനുവരി 26ന് നടക്കുന്ന പരേഡില്‍ 120 അംഗ സംഘവും രാഷ്ട്രപതിയെ അനുഗമിക്കും. ഇതാദ്യമായാണ് ഒരു ഈജിപ്ഷ്യന്‍ സംഘം ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നത്. റഷ്യയില്‍ നിന്നും യുക്രെയ്‌നില്‍ നിന്നും ഏറ്റവും കൂടുതല്‍ ഗോതമ്പ് ഇറക്കുമതി ചെയ്യുന്ന ഈജിപ്തിന് ഇരു രാജ്യങ്ങളും തമ്മിലുളള യുദ്ധം തിരിച്ചടിയായി.

ആഗോളവിപണിയില്‍ ഗോതമ്പിന് ക്ഷാമം നേരിട്ടതോടെ ഗോതമ്പിന്റെ വില ഉയര്‍ന്നു. അത്തരമൊരു സമയത്താണ് ഈജിപ്തിനെ സഹായിക്കാന്‍ ഇന്ത്യ മുന്നിട്ടിറങ്ങിയത്.സബ്സിഡി നിരക്കില്‍ നൂറുകണക്കിന് ടണ്‍ ഗോതമ്പ് ഈജിപ്തിന് നല്‍കി.ബിസിനസ് സ്റ്റാന്‍ഡേര്‍ഡിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, 2022 ഏപ്രിലില്‍, ഒരു ദശലക്ഷം ടണ്‍ ഗോതമ്പ് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും ഈജിപ്തും തമ്മില്‍ ചര്‍ച്ചകള്‍ നടന്നു.

മെയ് മാസമായപ്പോഴേക്കും ഇന്ത്യയിലും ഗോതമ്പിന്റെ ക്ഷാമം ആരംഭിച്ചു. അത് കണക്കിലെടുത്ത് നരേന്ദ്ര മോദി സര്‍ക്കാര്‍ ഗോതമ്പ് കയറ്റുമതി നിരോധിച്ചു.എന്നാല്‍ ഈജിപ്ത് ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളിലേക്കും ഇന്ത്യ ഗോതമ്പ് ചരക്കുകള്‍ അയച്ചുകൊണ്ടിരുന്നു. 2023 ന്റെ തുടക്കത്തില്‍ ഈജിപ്തിലേക്കുള്ള ഗോതമ്പ് കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നതായി ഈജിപ്തിലെ ഇന്ത്യന്‍ അംബാസഡര്‍ അജിത് ഗുപ്‌തെ കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നതായി ഈജിപ്ഷ്യന്‍ വാര്‍ത്താ വെബ്‌സൈറ്റായ ഈജിപ്ത് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗോതമ്പിനുള്ള ഇന്ത്യയുടെ ആഭ്യന്തര ആവശ്യം വര്‍ധിച്ചിട്ടുണ്ടെന്നും ഉല്‍പ്പാദനത്തില്‍ അഞ്ച് ശതമാനം കുറവുണ്ടായെന്നും എങ്കിലും ഈജിപ്തില്‍ ഗോതമ്പിന്റെ ക്ഷാമമുണ്ടാകാന്‍ ഇന്ത്യ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിലവില്‍ ഈജിപ്തിലെ ഇന്ത്യയുടെ മൊത്തം നിക്ഷേപം 3.2 ബില്യണ്‍ ഡോളറാണെന്നും എന്നാല്‍ വരും കാലങ്ങളില്‍ അത് വര്‍ധിക്കുമെന്നും സിഎന്‍ബിസി അറേബ്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗുപ്‌തെ പറഞ്ഞിരുന്നു.പല ഇന്ത്യന്‍ കമ്പനികളും ഈജിപ്തില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. ഒറ്റപ്പെട്ട, സാമ്പത്തിക പ്രതിസന്ധിയിലായ ഈജിപ്തിന് ഇന്ത്യയുടെ ഈ സഹായം വലിയ ആശ്വാസമാണ് നല്‍കിയത്. റിപ്പബ്ലിക് ദിനത്തില്‍ അദ്ദേഹത്തെ മുഖ്യാതിഥിയാക്കി ഇന്ത്യ അദ്ദേഹത്തിന് കൂടുതല്‍ ബഹുമതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button