തിരുവനന്തപുരം : ദേശീയപാത വികസനത്തിനു കേരളം 5500 കോടി രൂപ നല്‍കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിബന്ധനയ്‌ക്കെതിരെ കേരളം പ്രധാനമന്ത്രിയെ സമീപിച്ചേക്കും. പ്രളയാനന്തര പുനര്‍നിര്‍മാണത്തിനു 32,000 കോടി രൂപ വേണ്ട സാഹചര്യത്തില്‍ ഇത്രയും തുക കൂടി കണ്ടെത്താനാകില്ലെന്നു കേന്ദ്രത്തെ ബോധ്യപ്പെടുത്താനാണു സര്‍ക്കാര്‍ നീക്കം.
കേരളത്തിലെ 600 കിലോമീറ്റര്‍ ദേശീയപാത വികസിപ്പിക്കാന്‍ 44,000 കോടി വേണമെന്നാണു ദേശീയപാത അതോറിറ്റിയുടെ കണക്ക്. മറ്റു സംസ്ഥാനങ്ങളില്‍ സ്ഥലമെടുപ്പും നിര്‍മാണവും ഉള്‍പ്പെടെ കിലോമീറ്ററിനു 40 കോടി രൂപയാണ് ചെലവെങ്കില്‍ കേരളത്തില്‍ ഇത് 7080 കോടിയാകും. ഏറ്റെടുക്കുന്ന ഭൂമിക്കു നല്‍കുന്ന നഷ്ടപരിഹാരത്തുക കുറയ്ക്കാനാകില്ല എന്നു കേരളം കര്‍ശനനിലപാടെടുത്തതോടെയാണ് ചെലവിന്റെ വിഹിതമായ 5500 കോടി നല്‍കണമെന്ന നിര്‍ദേശം ഗഡ്കരി മുന്നോട്ടുവച്ചത്.
ദേശീയപാത നിര്‍മാണത്തിന് ആവശ്യമായ 25000 കോടി രൂപയും അനുവദിക്കാന്‍ തയാറാണെന്ന് ഗഡ്കരി നേരത്തെ പറഞ്ഞിരുന്നു. സ്ഥലമേറ്റെടുക്കുന്നതിലെ താമസം മാത്രമാണു കേരളത്തിലെ തടസ്സമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ദേശീയപാത വികസനത്തില്‍ കേരളത്തെ അവഗണിക്കുകയാണെന്ന പരാതി സര്‍ക്കാരിനുണ്ട്.
ഒന്നാം മുന്‍ഗണനപ്പട്ടികയില്‍ നിന്നു കേരളത്തെ ഒഴിവാക്കിയതു വ്യാപക പ്രതിഷേധത്തിന് ഇടയായപ്പോഴാണു പുനഃസ്ഥാപിക്കുമെന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചത്. അതിനു പിന്നാലെയാണു കേന്ദ്രത്തിന്റെ പുതിയ നിബന്ധന. കേരളത്തിലെ ഉയര്‍ന്ന സ്ഥലവിലയാണു കാരണമായി പറഞ്ഞത്. ഇതു പെട്ടെന്നുണ്ടായ വിലവര്‍ധനയല്ലെന്നു കേരളം ചൂണ്ടിക്കാട്ടും.
Post Your Comments