എസിപിയുമായുള്ള വാക്കുതര്‍ക്കം മാത്രമല്ല നാടുവിടാന്‍ കാരണം : വെറെ കുറെ കാരണങ്ങളും കൂടിയുണ്ടെന്ന് സി.ഐ നവാസ് തുറന്നു പറയുന്നു

കൊച്ചി : എസിപിയുമായുള്ള വാക്കുതര്‍ക്കം മാത്രമല്ല നാടുവിടാന്‍ കാരണം , വെറെ കുറെ കാരണങ്ങളും കൂടിയുണ്ടെന്ന് സി.ഐ നവാസ് തുറന്നു പറയുന്നു. സിറ്റി അസി. പൊലീസ് കമ്മിഷണര്‍ പി.എസ്. സുരേഷുമായി ബുധനാഴ്ച രാത്രിയില്‍ വയര്‍ലെസിലൂടെയുണ്ടായ വാക്കുതര്‍ക്കം മാത്രമല്ല തന്നെ നാടുവിടാന്‍ പ്രേരിപ്പിച്ചത്. സിറ്റി സെന്‍ട്രല്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസറായിരുന്ന ഇന്‍സ്‌പെക്ടര്‍ വി.എസ്. നവാസ്, സിറ്റി ഡപ്യൂട്ടി കമ്മിഷണര്‍ ജി. പൂങ്കുഴലിക്കു നല്‍കിയ മൊഴിയിലാണ് ഇക്കാര്യം പറയുന്നത്.

വ്യാഴാഴ്ച പുലര്‍ച്ചെ കാണാതായ നവാസിനെ ശനിയാഴ്ച പുലര്‍ച്ചെ തമിഴ്‌നാട്ടിലെ കരൂരില്‍ നിന്നാണു കണ്ടെത്തിയത്. നവാസിനെ കാണാതായത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. സെന്‍ട്രല്‍ സ്റ്റേഷനില്‍ ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തിപരമായ കാര്യങ്ങള്‍ക്കു വേണ്ടി ഇടപെടുന്നതും ഇതു പൊലീസ് ഉദ്യോഗസ്ഥരില്‍ സൃഷ്ടിക്കുന്ന മാനസിക സമ്മര്‍ദവുമൊക്കെ വിശദമായി നവാസിന്റെ മൊഴിയിലുണ്ടെന്നാണു വിവരം.

കൃത്യനിര്‍വഹണത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും എന്നാല്‍, നാടുവിട്ടതു സംബന്ധിച്ചുണ്ടായ പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം ഏല്‍ക്കുന്നതായും നവാസ് പറഞ്ഞതായും സൂചനയുണ്ട്. ബുധനാഴ്ച രാത്രി എസിപിയുമായി ഉണ്ടായ തര്‍ക്കത്തെയും യാത്രയെയും പറ്റി നവാസ് വിശദമായി മൊഴി നല്‍കിയിട്ടുണ്ട്..

Share
Leave a Comment