Latest NewsKerala

ഫുള്‍ ചാര്‍ജ് നല്‍കിയില്ല: വിദ്യാര്‍ത്ഥിനിയെ പെരുമഴയത്ത് ബസില്‍ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കണ്‍സഷന്‍ ചോദിച്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ സ്വകാര്യ ബസ് ജീവനക്കാര്‍ പെരുമഴയത്ത് ബസില്‍ നിന്നും ഇറക്കി വിട്ടുവെന്ന് പരാതി. വെഞ്ഞാറമൂട് സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. സ്‌കൂളില്‍ നിന്നും കായികപരിശീലനത്തിനായി ആറ്റിങ്ങലിലേയ്ക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥിക്ക് കണ്‍സഷന്‍ അനുവദിക്കാനാവില്ലെന്ന് പറഞ്ഞ് കണ്ടക്ടര്‍ വഴിയില്‍ ഇറക്കി വിടുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വെഞ്ഞാറമൂട്ടില്‍ നിന്നും ആറ്റിങ്ങലിലേക്ക് ബസ് കയറിയ കുട്ടി കണ്‍സഷന്‍ ചാര്‍ജ് നല്‍കിയതോടെ  ബസ് ജീവനക്കാരന്‍ ഐ.ഡി കാണിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പുതിയ അഡ്മിഷന്‍ ആയതിനാല്‍ ഐഡി ഇല്ലെന്ന് കുട്ടി പറഞ്ഞു. എന്നാല്‍ ഐ.ഡി കാര്‍ഡില്ലാതെ കണ്‍സഷന്‍ അനുവദിക്കില്ലെന്നായിരുന്നു ജീവനക്കാരുടെ നിലപാട്. തന്റെ പക്കല്‍ മൂന്ന് രൂപയേ ഒള്ളുവെന്ന് കുട്ടി ജീവനക്കാരെ അറിയിച്ചു. എന്നാല്‍ കുട്ടിയുടെ കയ്യിലുള്ള മൂന്ന് രൂപ വാങ്ങി ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥിനിയെ മഴയത്ത് ബസില്‍ നിന്നും ഇറക്കിവിട്ടുവെന്നും പെണ്‍കുട്ടി പറയുന്നു. ഇതു സംബന്ധിച്ച് വിദ്യാര്‍ത്ഥിനി പോലീസില്‍ പരാതി നല്‍കി.

പെരുമഴയത്ത് പെണ്‍കുട്ടി റോഡില്‍ നിന്ന് കരയുന്നത് കണ്ട് നാട്ടുകാര്‍ കാര്യ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന്
നാട്ടുകാര്‍ കുട്ടിയുടെ വീട്ടില്‍ സംഭവം അറിയിച്ചതിനെ തുടര്‍ന്ന് അമ്മയെത്തി കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ആറ്റിങ്ങല്‍ പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button