നോവല്‍, മൊഹബത്ത് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളു’ടെ ഓഡിയോ ട്രെയിലര്‍ ലോഞ്ച് ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു നടന്‍ ദിലീപ്. ചടങ്ങിലെത്തിയ അതിഥികള്‍ക്കായി സംവിധായകന്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ മനോഹരമായ ഒരു സാന്‍ഡ് ആര്‍ട്ട് ലൈവായി ഒരുക്കിയിരുന്നു. ചടങ്ങിലെത്തിയവരെല്ലാം സ്വാഗതപരിപാടി ആസ്വദിച്ചു. എന്നാല്‍ അതിന് പിന്നിലെ കലാകാരനെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത് ദിലീപായിരുന്നു. പരിപാടി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി ദിലീപ് ആ കലാകാരനെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു.
വിജയേട്ടന്റെ ചടങ്ങുകളിലെല്ലാം ഒതു പുതുമയുണ്ടാവാറുണ്ടെന്നും പറഞ്ഞാണ് ദിലീപ് തുടങ്ങിയത്. മൈബോസ് എന്ന തന്റെ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ ഓരോ തവണയും നിര്‍മ്മാതാവായിരുന്ന വിജയന്‍ ഗംഭീരമാക്കിയിരുന്നുവെന്നും ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളു’ടെ ഓഡിയോ ലോഞ്ച് പരിപാടിയുടെ തുടക്കവും തന്നെ അത്ഭുതപ്പെടുത്തിയെന്ന് ദിലീപ് പറഞ്ഞു. മണല്‍ത്തരികള്‍ കൊണ്ട് വിസ്മയം തീര്‍ത്ത ആ കലാകാരനെ തനിക്ക് കാണാന്‍ ആഗ്രഹമുണ്ടെന്നും, നിങ്ങള്‍ കാണിക്കില്ലെ, അതോ ഒളിപ്പിച്ചു വെച്ചിരിക്കുകയാണോയെന്നും തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ചോദിച്ചു. തുടര്‍ന്നാണ് അവതാരിക നൗഫല്‍ എന്ന കലാകാരനെ വേദിയിലേക്ക് ക്ഷണിച്ചത്. കരഘോഷങ്ങളോടെ സദസ്സും ആ കലാകാരനെ സ്വീകരിച്ചു.
മണ്ണില്‍ അത്ഭുതങ്ങള്‍ രചിച്ചയാളാണ്. രണ്ട് വാക്ക് സംസാരിക്കൂയെന്ന് ദിലീപ് നൗഫലിനോട് ആവശ്യപ്പെട്ടു. ‘സ്റ്റേജില്‍ ഇങ്ങനെ വന്നു നില്‍ക്കുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ല. ദിലീപേട്ടന്റെ കൂടെ ഇങ്ങനെ നില്‍ക്കുകയെന്നത് വല്യ ഭാഗ്യമായാണ് കാണുന്നത്. ഇതിന് അവസരമൊരുക്കിയ വിജയന്‍ സാറിനും ഈസ്റ്റ് കോസ്റ്റ് ടീമിനും നന്ദി അറിയിക്കുന്നു. ഒപ്പം വേദിയിലേക്ക് ക്ഷണിച്ച ദിലീപേട്ടനും നന്ദി അറിയിക്കുന്നു’ – നൗഫലിന്റെ വാക്കുകള്‍.
‘പുതിയ പുതിയ കലാകാരന്മാരെ കണ്ടുപിടിക്കുന്നതില്‍ ഒരു അത്ഭുതമാണ് വിജയേട്ടന്‍. ഈ സിനിമയിലും പുതുമുഖ നായികമാരും നായകനുമുണ്ട്. എല്ലാവര്‍ക്കും ഗംഭീര തുടക്കമാകട്ടെ, മലയാള സിനിമാ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ദിലീപ് പറഞ്ഞു. ചിത്രം വന്‍ വിജയമാകട്ടെയെന്നും ദിലീപ് ആശംസിച്ചു.
കൊച്ചി കലൂര്‍ ഐ.എം.എ ഹാളിലായിരുന്നു ചടങ്ങ്. സംവിധായകന്‍ ഈസ്റ്റ്‌കോസ്റ്റ് വിജയന്‍, ഗാന രചയിതാവ് സന്തോഷ് വര്‍മ, സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍, ഗായകന്‍ പി ജയചന്ദ്രന്‍, ഹരീഷ് കണാരന്‍, അഖില്‍ പ്രഭാകര്‍,ശിവകാമി,സോനു എന്നിവര്‍ക്ക് പുറമേ ചലച്ചിത്ര-സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രമുഖ ഹാസ്യ താരം സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍ തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ പുതുമുഖതാരം അഖില്‍പ്രഭാകറാണ് നായകന്‍. ശിവകാമി, സോനു എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ജൂലൈ പകുതിയോടെ ചിത്രം പുറത്തിറങ്ങും.
https://www.facebook.com/EastCoastOnline/videos/472707496818549/?t=898
Post Your Comments