![](/wp-content/uploads/2019/06/babahaskar.jpg)
തിരുവനന്തപുരം : ബാലഭാസ്‌കറിന്റെ അപകട മരണം സംബന്ധിച്ചുള്ള അന്വേഷണം ഇനി സാമ്പത്തിക ഇടപാടുകളെ കേന്ദ്രീകരിച്ചായിരിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ബാലഭാസ്‌കര്‍ ഉള്‍പ്പെടെയുള്ളവരുടെ സാമ്പത്തിക ഇടപാടുകളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. ബാലഭാസ്‌കര്‍, പ്രകാശന്‍ തമ്പി, വിഷ്ണു, പാലക്കാട് പൂന്തോട്ടം കുടുംബം എന്നിവരുടെ ബാങ്ക് നിക്ഷേപത്തിന്റെയും വസ്തു വകകളുടെയും വിവരം തേടി ബാങ്കുകള്‍ക്കും കലക്ടര്‍മാര്‍ക്കും ക്രൈംബ്രാഞ്ച് കത്തു നല്‍കും. റിസര്‍വ് ബാങ്കിന്റെ സഹായവും തേടും.
ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ടതു ഡ്രൈവര്‍ ഉറങ്ങിപ്പോയതിനാലാകാമെന്നു ദൃക്‌സാക്ഷിയായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ സി. അജി ക്രൈംബ്രാഞ്ചിനു മൊഴി നല്‍കി. ഡ്രൈവിങ് സീറ്റില്‍ കണ്ടതു ബാലഭാസ്‌കറിനെയാണെന്ന് ആവര്‍ത്തിച്ചെങ്കിലും ബാലഭാസ്‌കറിനെ മുന്‍പ് അറിയില്ലായിരുന്നുവെന്നും മൊഴി നല്‍കി. അപകടം നേരില്‍ കണ്ട അജിയെ വീണ്ടും ചോദ്യം ചെയ്തപ്പോള്‍ പറഞ്ഞ പ്രധാന കാര്യങ്ങള്‍ ഇങ്ങനെ: ആറ്റിങ്ങലില്‍ വച്ചു ബാലഭാസ്‌കറിന്റെ കാര്‍ അജിയുടെ ബസിനു മുന്നില്‍ കയറി. അതിനു മുന്നിലായി മറ്റൊരു വെള്ള കാറുമുണ്ടായിരുന്നു. അപകട സ്ഥലത്തിന് അര കിലോമീറ്റര്‍ മുന്‍പ് ഒരു കണ്ടെയ്‌നര്‍ ലോറിയെ ഈ 3 വാഹനങ്ങളും മറികടന്നു.
അതിനു ശേഷം വെള്ള കാര്‍ മുന്നോട്ടു പോയെങ്കിലും ബാലഭാസ്‌കറിന്റെ കാര്‍ ഇടതു വശത്തു നിന്നു വലത്തേക്കു തെന്നിമാറി മരത്തിലിടിച്ചു. ഈ മൊഴിയില്‍ നിന്ന് അന്വേഷണസംഘം വിലയിരുത്തുന്നത് ആറ്റിങ്ങല്‍ മുതല്‍ അപകടം നടന്നതു വരെ ദുരൂഹത ഉളവാക്കുന്ന ഒന്നും സംഭവിച്ചില്ലെന്നതാണ്. വെള്ള കാറിന്റെ കാര്യം പറയുന്നുണ്ടെങ്കിലും അത് ഇവരുമായി ഒരു ബന്ധവുമില്ലാത്ത യാത്രക്കാരുടെ കാറെന്നാണു മൊഴി വ്യക്തമാക്കുന്നത്. കൂടാതെ ഡ്രൈവര്‍ ഉറങ്ങിപ്പോയ രീതിയിലാണ് അപകടമെന്നും അജി പറയുന്നത് അന്വേഷണ സംഘം മുഖവിലയ്‌ക്കെടുക്കുന്നു.
Post Your Comments