അഹമ്മദാബാദ്: ജെറ്റ് എയര്‍വേയ്സ് വിമാനം ഹൈജാക്ക് ചെയ്യുമെന്ന് വ്യാജ ഭീഷണി എഴുതിയ വ്യവസായിക്ക് ജീവപര്യന്തവും 5 കോടി രൂപ പിഴയും വിധിച്ച് പ്രത്യേക എന്‍ ഐ എ കോടതി. മുംബൈയിലെ വ്യവസായിയായ ബിര്‍ജു സല്ലയ്ക്കാണ് അഹമ്മദാബാദിലെ എന്‍ ഐ എ കോടതി ശിക്ഷ വിധിച്ചത്. 2017 ഒക്ടോബര്‍ 30-തിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ജെറ്റ് എയര്‍വേയ്സിന്‍റെ മുംബൈ-ദില്ലി വിമാനത്തിന്‍റെ ബിസിനസ്സ് ക്ലാസിന് സമീപമുള്ള ശുചിമുറിയില്‍ വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ഇംഗ്ലീഷിലും ഉര്‍ദുവിലും കുറിപ്പെഴുതിയ സല്ല ഇത് ടിഷ്യൂ പേപ്പര്‍ ബോക്സില്‍ നിക്ഷേപിച്ചു.
വിമാന അധികൃതര്‍ കുറിപ്പ് കണ്ടെത്തിയതോടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് വിമാനം അടിയന്തരമായി അഹമ്മദാബാദ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു. സല്ലയാണ് കുറിപ്പ് എഴുതിയതെന്ന് തെളിഞ്ഞതോടെ ഇയാളെ അറസ്റ്റ് ചെയ്തു. ഹൈജാക്ക് ഭീഷണിയോടെ ജെറ്റ് എയര്‍വേയ്സിന്‍റെ ദില്ലി സര്‍വ്വീസ് നിര്‍ത്തലാക്കുമെന്നും അതുവഴി ജെറ്റ് എയര്‍വേയ്സിന്‍റെ ദില്ലി ഓഫീസില്‍ ജോലി ചെയ്യുന്ന കാമുകി മടങ്ങി വരുമെന്നും കരുതിയാണ് കൃത്യം ചെയ്തതെന്നാണ് പ്രതിയുടെ വിശദീകരണം. ശിക്ഷയ്ക്ക് പുറമെ ഇയാളെ രാജ്യത്തിനകത്തുള്ള വിമാനയാത്രയില്‍ നിന്നും വിലക്കിയിട്ടുണ്ട്.
Post Your Comments