ന്യൂഡല്‍ഹി : ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മാലിദ്വീപിലെത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയത്തോടെ അധികാരത്തില്‍ തിരിച്ചെത്തിയ ശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണ് ഇത്. അയല്‍ രാജ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനുള്ള സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണ് ഈ യാത്ര. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് യാത്രയുടെ ലക്ഷ്യം.മാലി വിമാനത്താവളത്തിലെത്തിയ മോദിയെ വിദേശകാര്യമന്ത്രി അബ്ദുള്ള ഷാഹിദിന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു.
നേരത്തെ മോദി മാലിദ്വീപില്‍ സന്ദര്‍ശനം നടത്തിയത് 2018 നവംബറിലാണ്. സന്ദര്‍ശനത്തിനിടെ മാലദ്വീപ് വിദേശികള്‍ക്ക് നല്‍കുന്ന ഏറ്റവും ഉന്നത ബഹുമതിയായ റൂള്‍ ഓഫ് നിഷാന്‍ ഇസുദ്ദീന്‍ മോദി ഏറ്റുവാങ്ങുകായും പാർലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു.ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് യുദ്ധക്കപ്പലുകളെ നിരീക്ഷിക്കാന്‍ മാലദ്വീപില്‍ ഇന്ത്യ സ്ഥാപിച്ച റഡാര്‍ സംവിധാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി മാലദ്വീപില്‍ എത്തിയത് . ശനിയും ഞായറുമാണ് മോദിയുടെ സന്ദര്‍ശനം.
ശനിയാഴ്ച റഡാര്‍ സംവിധാനത്തിന്റെ ഉദ്ഘാടനം മോദി നിര്‍വഹിക്കും. ഇതോടൊപ്പം മാലദ്വീപ് സൈന്യത്തിനായുള്ള പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും. മാലിദ്വീപിന്റെ വികസനത്തിലും സാമ്പത്തിക വ്യവസ്ഥയുടെ പുനരുജ്ജീവനത്തിനും സഹായിക്കുന്ന കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെയ്ക്കും. മാലിദ്വീപിന്റെ രണ്ട് പ്രതിരോധ പദ്ധതികള്‍ മോദിയും മാലിദ്വീപ് പ്രസിഡന്റ് മൊഹമ്മദ് സോലിയും ചേര്‍ന്ന് രാഷ്ട്രത്തിന് സമര്‍പ്പിക്കും..
മാലദ്വീപിന് പുറമെ ഇന്ത്യന്‍ മഹാസുദ്രത്തിലെ ദ്വീപ രാജ്യങ്ങളായ ശ്രീലങ്ക, സീഷെല്‍സ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളില്‍ സമാനമായ റഡാറുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മോദിയുടെ സന്ദര്‍ശന വേളയില്‍ ഇന്ത്യയും മാലദ്വീപും തമ്മില്‍ ഇന്ത്യന്‍ മഹാസുദ്രമേഖലയില്‍ കൂടി കടന്നുപോകുന്ന കപ്പലുകളുടെ വിവരങ്ങള്‍ പങ്കുവെക്കാനുള്ള കരാറും ഒപ്പുവെക്കും.ഈ മേഖലയില്‍ കൂടി ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും ഇന്ത്യയിലേക്കും വരുന്ന കടല്‍വഴിയുള്ള ആക്രമണങ്ങള്‍ ഇന്ത്യന്‍ നാവിക സേനയ്ക്ക് പെട്ടെന്ന് കണ്ടെത്താന്‍ സാധിക്കും.
ചൈനീസ് നാവികസേനയുടെ അന്തര്‍വാഹിനി അടുത്തിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എത്തിയത് ഇന്ത്യന്‍ നാവിക സേന കണ്ടെത്തിയിരുന്നു. ദോക്‌ലാമില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ മുഖാമുഖം യുദ്ധസജ്ജരായി നിലയുറപ്പിച്ച സമയത്ത് ചൈനയുടെ 14 യുദ്ധക്കപ്പലുകളും ഏഴോളം അന്തര്‍വാഹിനികളും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എത്തിയിരുന്നു. ഇതിന് ശേഷം ആദ്യമായാണ് ഒരു ചൈനീസ് അന്തര്‍വാഹിനി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എത്തുന്നത്.
കടല്‍കൊള്ളക്കാരെ നേരിടുന്നതിനെന്ന പേരില്‍ ഇന്ത്യന്‍ മഹാസുദ്രത്തില്‍ ചൈന യുദ്ധക്കപ്പലിനെ വിന്യസിച്ചിട്ടുണ്ട്. ഏദന്‍ കടലിടുക്കിനടുത്താണ് ചൈനീസ് യുദ്ധക്കപ്പല്‍ പ്രവര്‍ത്തനം നടത്തുന്നത്. ഇന്ത്യന്‍ മഹാസുദ്രത്തിലെ ദ്വീപരാഷ്ട്രങ്ങളില്‍ സാന്നിധ്യമറിയിക്കുന്ന ചൈനീസ് തന്ത്രത്തില്‍ ഇന്ത്യയ്ക്ക് വളരെയേറേ ആശങ്ക ഉയര്‍ത്തുന്നതിനിടെയാണ് മാലദ്വീപില്‍ തീരനിരീക്ഷണ റഡാര്‍ സ്ഥാപിക്കാന്‍ ഇന്ത്യ പദ്ധതിയിട്ടത്.
Post Your Comments