ആലപ്പുഴ: നവജാതശിശുവിനെ ഉപേക്ഷിച്ച് പോയ അമ്മയെ ഉടന്‍ കണ്ടെത്തണമെന്ന് നിർദേശിച്ച് മനുഷ്യാവകാശ കമ്മീഷന്‍. മഞ്ഞപിത്തവും ഹോര്‍മോണ്‍ താളപിഴകളുമായി ജനിച്ച 15 ദിവസം പ്രായമുള്ള കുഞ്ഞാണ് ഉപേക്ഷിക്കപ്പെട്ടത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ഡി വൈ എസ് പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് സംഭവത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് കമ്മീഷന്‍ അംഗം പി.മോഹനദാസ് ആവശ്യപ്പെട്ടു. അന്വേഷണം സ്വതന്ത്രവും നീതിയുക്തവുമാകണം.
ആലപ്പുഴ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അധ്യക്ഷ കുഞ്ഞിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ജില്ലാ പോലീസ് മേധാവി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണം. കേസ് ചേര്‍ത്തല സിറ്റിംഗില്‍ പരിഗണിക്കും.
ചേര്‍ത്തല വാരനാട് കണ്ണന്തറ വീട്ടില്‍ അര്‍ജുന്‍ ബൈജു നല്‍കിയ പരാതിയിലാണ് നടപടി. ഇതര സംസ്ഥാനക്കാരിയായ നുസ്ര ഫാത്തിമയെയാണ് അര്‍ജുന്‍ സ്പഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹം കഴിച്ചത്. ഇരുവരും സ്നേഹത്തോടെയാണ് കഴിഞ്ഞു വന്നിരുന്നത്. ഇവര്‍ക്ക് 2019 മേയ് 10 ന് ജനിച്ച പെണ്‍കുഞ്ഞിന് ജനനത്തില്‍ തന്നെ മഞ്ഞപിത്തമുണ്ടായിരുന്നു. ഹോര്‍മോണ്‍ ഏറ്റകുറച്ചിലും ഗുരുതരമായ വിറ്റാമിന്‍ കുറവും അനുഭവപ്പെട്ടിരുന്നു. മേയ് 25 ന് ഇവരുടെ വീട്ടിലെത്തിയ നുസ്റയുടെ അമ്മ നോമ്ബ് തുറക്കാനെന്ന പേരില്‍ നുസ്രയെ ഒറ്റയ്ക്ക് വീടിന് പുറത്തെത്തിച്ച് തട്ടി കൊണ്ടുപോയെന്നാണ് പരാതി. ഭാര്യ മടങ്ങി വരാത്തതിനെ തുടര്‍ന്ന് അന്ന് രാത്രി 10 ന് അര്‍ജുന്‍ ചേര്‍ത്തല പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. മുലപ്പാല്‍ ലഭിക്കാത്ത കുഞ്ഞിന്റെ ആരോഗ്യനില അനുദിനം വഷളാവുകയാണ്.
Post Your Comments