KeralaLatest News

ഞാനും ഏട്ടനും വീട്ടുകാരും കാത്തിരിക്കുകയാണ്‌ ന്യൂജെൻ നാട്ടുവിശേഷങ്ങളുടെ റിലീസിനായി… . അന്ന് തിയേറ്ററിൽ സിനിമ കാണാൻ പോയ പത്തുവയസുകാരിയുടെ ആകാംക്ഷയോടെ… ഹേമാ രവീന്ദ്രപിള്ള എഴുതുന്നു

ഹേമാ രവീന്ദ്രപിള്ള

ജീവിതത്തിൽ ആദ്യമായൊരു സിനിമ കാണുന്നത്‌ എന്റെ പത്താം വയസിലായിരുന്നു. മാനന്തവാടി വീണാ തിയേറ്ററിൽ ദിലീപും കാവ്യാമാധവനുമൊക്കെ അഭിനയിച്ച ചന്ദ്രനുദിക്കുന്ന ദിക്കിൽ.
1999 ലോ മറ്റോ ആണെന്നാണോർമ്മ. അന്ന് മാനന്തവാടിയിൽ ഒന്നോ രണ്ടോ തിയേറ്ററുകളേയുള്ളൂ.
ഈ സിനിമ റിലീസ്‌ ചിത്രമാണെന്ന് തോന്നുന്നു, അച്ഛൻ വൈകിട്ട്‌ ഓഫീസിൽനിന്ന് നേരത്തേ വന്നിട്ട്‌ ഇന്നു നമുക്കൊരു സിനിമയ്ക്കുപോകാമെന്നു പറഞ്ഞു.സിനിമ കാണാൻ പോകുന്നത്‌ അച്ചടക്കമില്ലാത്ത കുടുംബക്കാരാണെന്നൊക്കെ അച്ഛമ്മ പിറുപിറുക്കുമ്പോൾ ആദ്യമായി സിനിമ കാണാൻ പോകുന്ന ത്രില്ലിലായിരുന്നു ഞാനും എന്നെക്കാൾ രണ്ടുവയസ്സുമൂത്ത ഏട്ടനും. ദിലീപിന്റെ അടിപൊളി തമാശകളും കാവ്യാമാധവനുമൊത്തുള്ള അമ്പാടിപ്പയ്യുകൾ മേയും എന്ന പാട്ടുസീനുമൊക്കെ ഇന്നും മനസിന്റെ ചില്ലുകൂട്ടിൽ തെളിമയോടെ നിൽക്കുന്നുണ്ട്‌.പിന്നീട്‌ വല്ലപ്പോഴുമായി മാനന്തവാടിയിലെ ജീവിതത്തിനിടെ കണ്ടത്‌ ഒന്നോരണ്ടോ പേരോർമ്മയില്ലാത്ത ചിത്രങ്ങളായിരുന്നു.


വിവാഹം കഴിഞ്ഞ്‌ ഏട്ടന്റെ നാടായ കോട്ടയത്തേയ്ക്ക്‌ പറിച്ചുനടപ്പെട്ടപ്പോൾ ഒരുപാട്‌ തിയേറ്ററുകളുള്ള കോട്ടയത്തെ ഇഷ്ടപ്പെട്ടുതുടങ്ങി. വിവാഹശേഷം ആദ്യം കണ്ട സിനിമയും ദിലീപിന്റേതായിരുന്നു. മൈ ബോസ്സ്‌. ആ സിനിമ കണ്ടത്‌ ഒന്നല്ല, രണ്ടുവട്ടം. ഏട്ടനുമൊന്നിച്ച്‌ ആദ്യം മോർണ്ണിംഗ്‌ ഷോ കണ്ട്‌ വീട്ടിലെത്തിയപ്പോൾ ഏട്ടന്റെ വീട്ടുകാർ സിനിമയുടെ കഥയെക്കുറിച്ചു ചോദിച്ചു. ഓരോ സീനും വിവരിക്കുമ്പോൾ പൊട്ടിച്ചിരികാരണം ഒന്നും പറയാൻ പറ്റിയില്ലെന്നതാണു വാസ്തവം. അത്രയ്ക്കു തമാശനിറഞ്ഞൊരു പടം കാണുന്നതും ആദ്യമായിട്ടായിരുന്നു.

കഥ കേട്ടറിഞ്ഞപ്പോൾ വീട്ടുകാർക്കും കാണാൻ പോകണമെന്നായി.
അന്നുതന്നെ സെക്കൻഡ്‌ ഷോയ്ക്ക്‌ അവരോടൊപ്പം ഞാനും ഒന്നൂടെ കണ്ടു മൈ ബോസ്സ്‌
ജീവിതത്തിൽ ഒരു സിനിമാഗാനം മുഴുവൻ കാണാതെ പഠിച്ചിട്ടുണ്ടെങ്കിൽ അത്‌ മൈ ബോസ്സിലെ എന്തിനെന്നറിയില്ല… എന്ന പാട്ടാണ്‌. ഹണിമൂൺ സമയമായതുകൊണ്ടുകൂടിയാവാം ആ ഗാനം വല്ലാതെയങ്ങ്‌ മനസ്സിൽ കയറിക്കൂടിപ്പറ്റി. ഈ സിനിമയുടെ ബാനർ ഈസ്റ്റ്കോസ്റ്റിന്റേതാണെന്നും ഈസ്റ്റ്കോസ്റ്റിൽ നിന്ന് ഇതുപോലെ വേറെയും നല്ല പ്രണയഗാനങ്ങളുടെ ആൽബങ്ങൾ ഇറങ്ങിയിട്ടുണ്ടെന്നും ഏട്ടൻ പറഞ്ഞപ്പോൾ അതിന്റെയൊക്കെ സീഡി വാങ്ങിവരാൻ ഞാനേട്ടനോടാവശ്യപ്പെട്ടു.അന്ന് തുടങ്ങിയതാണ്‌ ഈസ്റ്റ്കോസ്റ്റ്‌ എന്ന ബാനറിനോടുള്ള കമ്പം.

അടുത്തിടെ യൂട്യൂബ്‌ പരതിക്കൊണ്ടിരിക്കെ ഈസ്റ്റ്കോസ്റ്റ്‌ മൂവീസിന്റെ പുതിയ ചിത്രമായ ചില ന്യൂജെൻ നാട്ടുവിശേഷങ്ങളിലെ ശങ്കർ മഹാദേവൻ പാടിയ ഒരു അടിപൊളിഗാനം ശ്രദ്ധയിൽ പെട്ടു.
ഹെവി മൂഡിലുള്ള സുരാംഗന എന്ന ആ പാട്ട്‌ എനിക്കും ഏട്ടനും ഞങ്ങളുടെ നാലുവയസ്സുകാരി ലച്ച്മിക്കും ഏറെ ഇഷ്ടമായി. ഈ സിനിമയെക്കുറിച്ച്‌ കൂടുതലന്വേഷിച്ചപ്പോളാണ്‌ ആഹ്ലാദകരമായ ഒരു വാർത്തയറിയുന്നത്‌., ചിത്രത്തിൽ ഈ ഗാനം കൂടാതെ യേശുദാസ്‌, എം ജി ശ്രീകുമാർ, ജയചന്ദ്രൻ, ശ്രേയാ ഘോഷാൽ എന്നിവരും പാടുന്നുണ്ടെന്നത്‌. അതും എന്തിനെന്നറിയില്ല എന്ന പാട്ട്‌ ട്യൂൺ ചെയ്ത എം ജയചന്ദ്രനെന്ന്. ഒരുപാട്‌ പ്രതീക്ഷയോടെ ഞാനും ഏട്ടനും വീട്ടുകാരും കാത്തിരിക്കുകയാണ്‌ ന്യൂജെൻ നാട്ടുവിശേഷങ്ങളുടെ റിലീസിനായി.. അന്ന് മാനന്തവാടി വീണാ തിയേറ്ററിൽ സിനിമ കാണാൻ പോയ പത്തുവയസുകാരിയുടെ ആകാംക്ഷയോടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button