ആറാം ലോക കീരീടം തേടിയിറങ്ങുന്ന ആസ്‌ട്രേലിയന്‍ ടീമിന് ആശംസകള്‍ നേരുകയാണ് ഏഴ് വയസുകാരനായ ആര്‍ഷി ഷില്ലര്‍. അപൂര്‍വ രോഗത്തിന്റെ പിടിയിലായ ആര്‍ഷിയുടെ ആഗ്രഹപ്രകാരം ക്രിക്കറ്റ് ആസ്‌ട്രേലിയ ഇന്ത്യക്കെതിരായ ഒരു ടെസ്റ്റ് മത്സരത്തില്‍ ആര്‍ഷിയെ സഹനായകനാക്കുകയും താരങ്ങള്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ അനുവദിക്കുകയും ചെയ്തിരുന്നു. സ്വന്തം നാടായ അഡ്‌ലേയ്ഡിലെ വീട്ടിലുള്ള ആര്‍ഷിക്ക് ലോകകപ്പ് മത്സരങ്ങള്‍ നേരില്‍ കാണാനും ആഗ്രഹമുണ്ട്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇന്ത്യക്കെതിരെ നടന്ന ബോക്‌സിങ് ഡേ ടെസ്റ്റിലാണ് ആര്‍ഷി ഷില്ലര്‍ ആസ്‌ട്രേലിയന്‍ ടീമിന്റെ സഹനായകനായത്. അപൂര്‍വ ഹൃദ്രോഗത്തിന്റെ പിടിയിലായ ആര്‍ഷി 7 വയസിനുള്ളില്‍ നിരവധി ശസ്ത്രക്രിയക്ക് വിധേയനായിട്ടുണ്ട്. ആര്‍ഷിയുടെ ആഗ്രഹം സാധിക്കുന്നതിനായി മേക്ക് എ വിഷ് ഫൌണ്ടേഷനാണ് ക്രിക്കറ്റ് ആസ്‌ട്രേലിയയെ സമീപിച്ചത്. മുഖ്യ പരിശീലകന്‍ മൈക്കല്‍ സ്ലേറ്റര്‍ തന്നെ ആര്‍ഷിയെ ടീമിലേക്ക് സ്വാഗതം ചെയ്തു.
ആസ്‌ട്രേലിയന്‍ ടീമിന്റെ ബാഗി ഗ്രീന്‍ തൊപ്പി ധരിച്ച് ടീം നായകന്‍ ടിം പെയ്‌നിനൊപ്പം സഹനായകനായി ആര്‍ഷിയും ടോസിനായി ഗ്രൌണ്ടിലിറങ്ങിയിരുന്നു. ആഗ്രഹ പൂര്‍ത്തീകരണത്തിന് ശേഷം സാവധാനം ആര്‍ഷി സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങിയെത്തുകയാണ്. ഇപ്പോള്‍ സ്‌കൂളില്‍ പോയിത്തുടങ്ങി. ഒഴിവ് സമയങ്ങളില്‍ തന്റെ സ്പിന്‍ ബൌളിങ് പരിശീലിക്കുന്നുമുണ്ട് കുഞ്ഞ് ആര്‍ഷി.
അഡ്‌ലെയ്ഡിലെ ബറോസ വാലിയിലെ വീട്ടിലിരുന്ന് കുഞ്ഞ് ആര്‍ഷി വീണ്ടും ആഗ്രഹിക്കുകയാണ്. ലോകകപ്പ് മത്സരങ്ങള്‍ നേരില്‍ കാണണം. ആസ്‌ട്രേലിയന്‍ ടീം വീണ്ടും കപ്പടിക്കണം. ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിക്കെതിരെ ബൌള്‍ ചെയ്ത് അദ്ദേഹത്തിന്റെ വിക്കറ്റ് വീഴ്ത്തണം. ഇഷ്ടതാരം ജസ്പ്രീത് ബുംറെയെയും നേരില്‍ കാണണം.
Post Your Comments