Latest NewsIndia

സ്മൃതി ഇറാനിയുടെ സഹായിയുടെ കൊലപാതകം: മുഖ്യപ്രതിയെ പിടികൂടി

അമേഠി: സ്മൃതി ഇറാനിയുടെ അമേഠിയിലെ സഹായി സുരേന്ദ്ര സിങിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. വസീം എന്നയാളാണ് അറസ്റ്റിലായത്. പിന്തുടര്‍ന്ന് ചെന്ന പൊലീസ് ഷല്‍ഹാപൂരില്‍ വച്ചാണ് ഇയാളെ പിടികൂടിയത്.  വെള്ളിയാഴ്ച രാത്രിയോടെയാണ് അറസ്റ്റ്. പൊലീസുകാരുമായുണ്ടായ ഏറ്റമുട്ടലില്‍ വെടിയേറ്റ വസീം ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ സുരേന്ദ്ര സിങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എല്ലാ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് നേരത്തെ നാലുപേര്‍ അറസ്റ്റിലായിരുന്നു.

അതേസമയം, ബിജെപി പ്രവര്‍ത്തകര്‍ക്കിടയിലെ പ്രാദേശിക പ്രശനങ്ങളാണ് സുരേന്ദ്ര സിങിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഉത്തര്‍പ്രദേശ് ഡിജിപി ഒ പി സിങ് നേരത്തെ പറഞ്ഞിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ തന്നെയാണ് സുരേന്ദ്ര സിങിന്റെ കൊലപാതകത്തിന് പിന്നിലെന്നും ഡിജിപി അഭിപ്രായപ്പെട്ടിരുന്നു.

പ്രതികളില്‍ ഒരാള്‍ക്ക് അമേഠിയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം ഉണ്ടായിരുന്നു. എന്നാല്‍ ഇതില്‍ സുരേന്ദ്ര സിങ് എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇതോടെ ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ഈ പക വളര്‍ന്ന് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നുവെന്നാണ് ഒ പി സിങ് പറഞ്ഞിരുന്നത്.

അമേഠിയിലെ ഗൗരിഗഞ്ജില്‍ വച്ചാണ് ബരോളിയ ഗ്രാമത്തിലെ മുന്‍ ഗ്രാമതലവന്‍ കൂടിയായ സുരേന്ദ്ര സിങ് വെടിയേറ്റ് മരിച്ചത്. അന്ന് രാത്രി ബൈക്കിലെത്തിയ അക്രമികള്‍ സുരേന്ദ്ര സിങിന്റെ വീടിന് മുന്നിലെത്തുകയും അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button