ലക്നൗ: തന്റെ സ്വന്തം മണ്ഡലമായ അമേഠിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി നിർമ്മിച്ച വീടിന്റെ ഗൃഹപ്രവേശനം നടന്നു. സ്മൃതി ഇറാനിയും ഭർത്താവും ചേർന്നാണ് തങ്ങളുടെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങുകൾ നടത്തിയത്. ജനങ്ങൾക്കൊപ്പം എന്നും ഉണ്ടാകുമെന്ന വാഗ്ദാനം ഇതോടെ സഫലമാക്കിയിരിക്കുകയാണെന്നാണ് ഗൃഹപ്രവേശന ചടങ്ങുകൾക്ക് പിന്നാലെ സ്മൃതി ഇറാനി വ്യക്തമാക്കിയത്.
അമേഠിയിൽ വീട് നിർമ്മിക്കാനായി സ്മൃതി ഇറാനി സ്ഥലം വാങ്ങിയത് 2021 -ലാണ്. ഗൗരവ് ഗഞ്ചിലെ സുൽത്താൻ പൂരിലാണ് കേന്ദ്രമന്ത്രിയുടെ വീട് സ്ഥിതി ചെയ്യുന്നത്. നേതാക്കരും സാധാണക്കാരും ഉൾപ്പെടെ എല്ലാവരെയും ചടങ്ങിലേക്ക് സ്മൃതി ഇറാനി ക്ഷണിച്ചിരുന്നു. വീടിന്റെ പുറം ഭിത്തിയിൽ ഭഗവാൻ ശ്രീരാമന്റെയും ഹനുമാന്റെയും ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്.
അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ഗൃഹപ്രവേശനം നടത്തണമെന്നത് സ്മൃതി ഇറാനിയുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു. മുൻപ് അമേഠിയിൽ നിന്ന് ജയിച്ച് പോയവർ ഒളിച്ചോടുമ്പോഴാണ് ജനങ്ങൾക്കൊപ്പം താമസിക്കാൻ ജനങ്ങളുടെ നായിക തീരുമാനിക്കുന്നതെന്നായിരുന്നു നേരത്തെ ബിജെപി ജില്ലാ അദ്ധ്യക്ഷൻ രാംപ്രസാദ് മിശ്ര അറിയിച്ചത്. ആദ്യമായി സ്മൃതി ഇറാനി അമേഠിയിലേക്ക് മത്സരിക്കാനെത്തുമ്പോൾ നാട്ടുകാരിയല്ലെന്നാണ് കോൺഗ്രസ് പറഞ്ഞ് നടന്നത്. എന്നാൽ, കഴിഞ്ഞ അഞ്ച് വർഷവും, അമേഠിയിൽ നിന്ന് അമേഠിയ്ക്ക് വേണ്ടിയാണ് സ്മൃതി പ്രവർത്തിച്ചത്. ഗൃഹപ്രവേശം കഴിയുന്നതോടെ പുറത്തുനിന്നുള്ളവൾ എന്ന കോൺഗ്രസിന്റെ പ്രചാരണവും നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments