ന്യൂഡൽഹി: വിഘടനവാദത്തിനെതിരെ ശക്തമായി നിലകൊള്ളുന്ന മൂന്നുപേരാണ് പുതിയ ആഭ്യന്തര മന്ത്രാലയത്തിന്റെ തലപ്പത്തേക്ക് എത്തുന്നത്. അമിത് അനിൽ ചന്ദ്ര ഷായെന്ന അമിത് ഷായും തെലങ്കാനയിലെ തീപ്പൊരി നേതാവ് കിഷൻ റെഡ്ഡിയും ബിഹാറിലെ കമ്യൂണിസ്റ്റ് ഭീകരവാദികളുടെ കടുത്ത എതിരാളിയായ നിത്യാനന്ദ റായിയും. ആഭ്യന്തര മന്ത്രാലയം ഈ കൈകളിൽ സുരക്ഷിതമായിരിക്കുമെന്നതിൽ ആർക്കും സംശയങ്ങളില്ല. ആഭ്യന്തരക്കുഴപ്പങ്ങൾ ഉണ്ടാക്കുന്നവരോടും വിട്ടുവീഴ്ച്ചയുണ്ടാകില്ല.
തീവ്രാദത്തിനും വിഘടനവാദത്തിനുമെതിരെ ശക്തമായ നടപടികൾ തുടരാൻ തന്നെയാണ് സാദ്ധ്യത. വിഘടനവാദത്തിന് അമിത് ഷായുടെ ഡിക്ഷണറിയിൽ സ്ഥാനമില്ല. യാതൊരു വിധ ദാക്ഷിണ്യവും പുതിയ ആഭ്യന്തരമന്ത്രിയിൽ നിന്ന് പ്രതീക്ഷിക്കേണ്ടതുമില്ല. തീവ്രവാദത്തോടും ഭീകരവാദത്തോടും സന്ധിയില്ലാ പോരാട്ടമാണ് നടത്തേണ്ടതെന്ന അഭിപ്രായമാണ് അമിത് ഷായ്ക്ക് പണ്ടുമുതലേ ഉള്ളത്. ഗോധ്രാനന്തര കലാപത്തിനു ശേഷം രണ്ടുവട്ടം ഗുജറാത്തിന്റെ ആഭ്യന്തരമന്ത്രിയായി പ്രവർത്തിച്ചതിന്റെ പരിചയവുമുണ്ട് അദ്ദേഹത്തിന്.
രാജ്യത്തിന്റെ ഏതു മുക്കിലും മൂലയിലുമുള്ള ആഭ്യന്തര വിഷയങ്ങളെപ്പറ്റി കൃത്യമായ അവഗാഹവുമുണ്ട്.ഗുജറാത്തിൽ കോൺഗ്രസിനെ തറപറ്റിച്ചതിന് അമിത് അനിൽചന്ദ്ര ഷായ്ക്ക് ലഭിച്ചത് മൂന്നുമാസത്തെ ജയിൽ വാസമായിരുന്നു. അതിനുശേഷം ഗുജറാത്തിൽ പ്രവേശിക്കാനാകാതെ ഡൽഹിയിൽ ഗുജറാത്ത് ഭവനിലെ ഒറ്റമുറിയിൽ ഭാര്യയോടൊപ്പം താമസിക്കേണ്ടി വന്നു. സുപ്രീം കോടതിയുടെ അനുകൂല വിധി നേടി വീണ്ടും ഗുജറാത്തിലേക്ക്. പിന്നീട് ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായി.2014 ൽ ഉത്തർപ്രദേശിന്റെ തെരഞ്ഞെടുപ്പ് ചുമതലയേറ്റെടുത്തു.
യുപിയിലെ തെരഞ്ഞെടുപ്പ് വിജയമെത്തിച്ചത് പാർട്ടി അദ്ധ്യക്ഷന്റെ കസേരയിൽ. അഞ്ചുവർഷം കൊണ്ട് പാർട്ടിയെ നിരവധി തെരഞ്ഞെടുപ്പുകളിൽ വിജയത്തിലെത്തിച്ചു. ഒടുവിലിതാ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി പദവിയും. തെലങ്കാനയിൽ ടി.ആർ.എസിന്റെ അപ്രമാദിത്വത്തിനെതിരെ ഒറ്റയ്ക്ക് നിന്ന് പോരാടുന്ന ബിജെപിയുടെ ശക്തനായ നേതാവാണ് കിഷൻ റെഡ്ഡി. പാർട്ടിയുടെ മുൻ സംസ്ഥാന അദ്ധ്യക്ഷൻ. യുവമോർച്ചയുടെ മുൻ ദേശീയ അദ്ധ്യക്ഷൻ. തെലങ്കാനയിലെ കമ്യൂണിസ്റ്റ് ഭീകര സംഘടനകളുടെ നോട്ടപ്പുള്ളി. വിഘടനവാദത്തിന്റെ ശക്തനായ എതിരാളി.
ആഭ്യന്തര മന്ത്രാലയത്തിൽ അമിത് ഷായ്ക്കൊപ്പം കിഷൻ റെഡ്ഡി അധികാരമേൽക്കുന്നത് വെറുതെയല്ലെന്ന് സാരം. മാത്രമല്ല ദക്ഷിണേന്ത്യയിൽ നിന്നുള്ള കരുത്തനായ നേതാവ് കൂടിയാണ് കിഷൻ റെഡ്ഡി.സെക്കന്ദരാബാദിൽ നിന്നാണ് അദ്ദേഹം വിജയിച്ചത്. 1990 ൽ ബീഹാർ മുഖ്യമന്ത്രിയായിരുന്ന ലാലുയാദവിന്റെ നിർദ്ദേശ പ്രകാരം എൽ.കെ അദ്വാനിയുടെ രഥയാത്ര തടയാൻ വന്ന ഉദ്യോഗസ്ഥരെ വിറപ്പിച്ച യുവനേതാവാണ് ഇപ്പോൾ മറ്റൊരു ആഭ്യന്തര സഹമന്ത്രിയായി എത്തുന്നത് .നിലവിലെ ബിജെപിയുടെ ബിഹാർ സംസ്ഥാന പ്രസിഡന്റും ആഭ്യന്തര സഹമന്ത്രിയുമായ നിത്യാനന്ദ് റായ്.
കഴിഞ്ഞ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ തോൽവിയെ തുടർന്ന് നിറം മങ്ങിയ ബിജെപിയെ പിടിച്ചുയർത്തിയ പാർട്ടി പ്രസിഡന്റ്. മുൻ കേന്ദ്രമന്ത്രിയും എൻ.ഡി.എ സഖ്യത്തിൽ നിന്ന് പുറത്തുവന്ന രാഷ്ട്രീയ ലോക് സമത പാർട്ടി നേതാവുമായ ഉപേന്ദ്ര കുശ്‌വാഹയെ രണ്ടേമുക്കാൽ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആണ് നിത്യാനന്ദ് റായ് തോൽപ്പിച്ചത്.ഈ ലോക്സഭ തെരഞ്ഞെടുപ്പിൽ സഖ്യത്തെ നാൽപ്പതിൽ 39 സീറ്റിലും വിജയിപ്പിച്ചതിൽ നിർണായക പങ്കു വഹിച്ചു അദ്ദേഹം. ബീഹാറിലെ വിഘടനവാദ മാവോയിസ്റ്റ് ശക്തികൾക്കെതിരെ ശക്തമായ നിലപാടെടുത്തിട്ടുണ്ട്.
അമിത് ഷായ്ക്കൊപ്പം ഇരുവരും ചേരുന്നതോടെ ആഭ്യന്തര മന്ത്രാലയം വിഘടനവാദികൾക്ക് തലവേദന സൃഷ്ടിക്കും. കഴിഞ്ഞ മോദി സർക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന രാജ്‌നാഥ് സിംഗ് മാവോയിസ്റ്റ് ഭീകരവാദത്തിനെതിരെ കടുത്ത സമീപനമാണ് സ്വീകരിച്ചത്. ഇത് ശക്തമായി തുടരാൻ തന്നെയാണ് പുതിയ സർക്കാരിന്റെയും തീരുമാനം. ബിജെപിക്കെതിരെയെന്ന പേരിൽ സൗത്ത് ഇന്ത്യൻ റിപ്പബ്ലിക്ക് എന്ന വികല ആശയം മുന്നോട്ടു വച്ച് രാഷ്ട്രത്തെ വിഘടിപ്പിക്കാനുള്ള രാജ്യവിരുദ്ധ ശക്തികളുടെ ശ്രമവും ഗൗരവമായി കാണും.
ശത്രുരാജ്യങ്ങളുടെ പിന്തുണ ഇതിനുണ്ടോയെന്ന സംശയവും ശക്തമാണ്. ഈ സാഹചര്യത്തിൽ കരുത്തുറ്റ ആഭ്യന്തര മന്ത്രിമാരെയാണ് മോദി സർക്കാർ രാജ്യത്തിനു നൽകുന്നത്. സൗത്ത് ഇന്ത്യൻ റിപ്പബ്ലിക്കുമായി വരുന്നവരെ തടയാൻ സൗത്ത് ഇന്ത്യയിൽ നിന്നുതന്നെയുള്ള കിഷൻ റെഡ്ഡിയെ ടീമംഗമാക്കിയതും വെറുതെല്ല എന്നാണ് സൂചന.
Post Your Comments