ഹൈദരാബാദ്: മഴക്കെടുതിയിൽ സർക്കാർ സഹായം ലഭ്യമാക്കാത്തതിനെതിരെ പ്രതികരിച്ച ബിജെപി എംപിയുടെ വാഹനം ടിആർഎസ് പ്രവർത്തകർ ആക്രമിച്ചതായി പരാതി. എന്നാൽ ഇത് ടിആർഎസ് നിഷേധിച്ചു. ഗ്രാമവാസികളും പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തിലാണ് ബിജെപി എംപി ഡി.അരവിന്ദിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായ തെന്നാണ് ടിആർഎസ് നേതാക്കൾപറയുന്നത്. ജഗ്തിയാൽ ജില്ലയിലെ മഴക്കെടുതി പ്രദേശം സന്ദർശിക്കുന്നതിനിടെയാണ് സംഭവം.
ആക്രമണത്തിന് പിന്നിൽ ഭരണകക്ഷിയായ ടിആർഎസ് ആണെന്ന് ബിജെപി എംപി ആരോപിച്ചു. മഴക്കാലത്ത്് താത്കാലികമായി തങ്ങാൻ കഴിയുന്ന ഒരു അഭയസ്ഥാനം നിർമ്മിക്കണമെന്ന ഗ്രാമവാസികളുടെ ദീർഘകാല ആവശ്യം നിറവേറ്റപ്പെടാത്തതാണ് നാട്ടുകാരുടെ പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. തങ്ങളുടെ ആവശ്യം നിറവേറ്റപ്പെടാതെ ഒരു ജനപ്രതിനിധിയും തങ്ങളെ സന്ദർശിക്കണ്ട എന്ന നിലപാടിലാണ് നാട്ടുകാർ എന്നാണു പോലീസിന്റെ പക്ഷം.
എന്നാൽ, മഴക്കെടുതികൾ നേരിട്ട് വിലയിരുത്തിയ ശേഷം മടങ്ങവെയാണ് എംപിയുടെ വാഹനത്തിന് നേരെ ഒരു കൂട്ടം ആളുകളുടെ കല്ലേറുണ്ടായതെന്നു എംപി പറഞ്ഞു. അതേസമയം, പരാതി തന്നാൽ നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു. മഴക്കെടുതിയിൽ ജനങ്ങൾ വലയുകയാണ്. ടിആർഎസ് സർക്കാരിന്റെ പരാജയങ്ങൾ ഉയർത്തിക്കാട്ടിയതിനാലാണ് തനിക്കതിരെ ടിആർഎസ് ആക്രമണം നടത്തിയതെന്നും അരവിന്ദ് ഒരു ട്വീറ്റിൽ പറഞ്ഞു. ബിജെപി തെലങ്കാന പ്രസിഡന്റും എംപിയുമായ സഞ്ജയ് കുമാറും മറ്റ് നേതാക്കളും അരവിന്ദിന് നേരെ നടന്ന ആക്രമണത്തെ അപലപിച്ചു.
Post Your Comments