ഹൈദരാബാദ്: ഹൈദരാബാദും തെലങ്കാനയും പിടിച്ചെടുക്കാതെ ബിജെപിക്ക് വിശ്രമമില്ലെന്ന് പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ. ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ബിജെപി നേടുന്ന വിജയം ടിആര്‍എസിന്റെ അന്ത്യത്തിന് തുടക്കം കുറിക്കുമെന്നും നദ്ദ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഹൈദരാബാദിലെ കോതാപ്പേട്ടില്‍ നിന്നും നഗോളിലേക്ക് നടന്ന റോഡ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യാവസാനം ആവേശം അലതല്ലിയ റോഡ് ഷോയില്‍ ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരാണ് പങ്കെടുത്തത്. വന്‍ തുക കടമെടുത്ത് തെലങ്കാനയെ വലിയ കടക്കെണിയിലേക്ക് തള്ളിവിടുകയാണ് ടിആര്‍എസ്. കഴിഞ്ഞ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പോലും ചന്ദ്രശേഖര റാവു പാലിച്ചിട്ടില്ലെന്നും എന്നിട്ടും കൂടുതല്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നത് നീതീകരിക്കാനാകില്ലെന്നും നദ്ദ ചൂണ്ടിക്കാട്ടി.
ഹൈദരാബാദിന്റെ വികസനത്തില്‍ ബിജെപിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ചെറുതെരഞ്ഞെടുപ്പുകളില്‍ ബിജെപി ഡല്‍ഹിയില്‍ നിന്ന് നേതാക്കളെ ഇറക്കുകയാണെന്ന ടിആര്‍എസ് നേതാവ് കെ.ടി രാമറാവുവിന്റെ വിമര്‍ശനത്തിന് ജനങ്ങള്‍ എവിടെ അനീതി നേരിടുന്നുണ്ടെങ്കിലും ബിജെപി അവിടെയെത്തുമെന്നായിരുന്നു നദ്ദയുടെ മറുപടി.
ടിആര്‍എസ് പ്രസിഡന്റ് ചന്ദ്രശേഖര റാവുവിന്റെ ഭരണം അവസാനിപ്പിക്കാന്‍ ജനങ്ങള്‍ തീരുമാനമെടുത്തു കഴിഞ്ഞുവെന്നാണ് അവരുടെ പ്രതികരണങ്ങളില്‍ നിന്നും മനസിലാകുന്നതെന്ന് ജെപി നദ്ദ ചൂണ്ടിക്കാട്ടി. തെലങ്കാനയിലെ ടിആര്‍എസ് ഭരണത്തിന് അന്ത്യം കുറിക്കുന്നതിന്റെ തുടക്കമായി ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ബണ്ഡി സഞ്ജയ്, കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി തുടങ്ങിയവരും നദ്ദയോടൊപ്പം റോഡ് ഷോയില്‍ പങ്കെടുത്തു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുളളവര്‍ ഹൈദരാബാദില്‍ പ്രചാരണത്തിന് എത്തും. ഞായറാഴ്ചയാണ് പ്രചാരണത്തിന്റെ അവസാനദിനം. സെക്കന്തരാബാദില്‍ അന്ന് സംഘടിപ്പിക്കുന്ന റാലിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുക്കും.
Post Your Comments