ഹരിമേനോന്‍
തിരുവനന്തപുരത്ത് സൂര്യാസ്തമനം ഏറ്റവും ഭംഗിയായി കാണാൻ കഴിയുന്നിടം ശംഖുമുഖം കടൽത്തീരമാണ്. വൈകിട്ട് പടിഞ്ഞാറൻ മാനത്ത് കരിമേഘങ്ങളൊന്നുമില്ലെങ്കിൽ അറബിക്കടലിൽ പൊന്നുരുക്കിയൊഴിച്ച് പകലോൻ മറയുന്ന കാഴ്ച്ച വർണ്ണനാതീതമാണ്.
എന്നാൽ ശംഖുമുഖത്തെക്കാൾ മനോഹരമായി സൂര്യാസ്തമനത്തെ അതിന്റെ എല്ലാ പ്രൗഢിയോടും കൗതുകത്തോടും നോക്കിക്കാണുവാൻ പറ്റിയൊരിടം തിരുവനന്തപുരം നഗരാതിർത്തിയിലെ ഒരു കുന്നിന്മുകളിലുണ്ടെന്നുപറഞ്ഞാൽ സാക്ഷാൽ തിരുവനന്തപുരത്തുകാർ പോലും വിശ്വസിക്കില്ല.
അങ്ങനൊരു അസ്തമയസൂര്യന്റെ മടക്കം അതീവ ദൃശ്യചാരുതയോടെ നമുക്ക് ഉടനെ ദർശ്ശിക്കുവാൻ അവസരം ലഭിക്കുന്നുണ്ട്. തെളിഞ്ഞ ചെമ്മാനത്ത് കടൽക്കാക്കകൾ പതിയെ പറന്നകലുന്ന പശ്ചാത്തലത്തിൽ അസ്തമനത്തിന്റെ സാന്ധ്യശോഭ ആസ്വദിക്കുകയും അതിനൊപ്പം കൽക്കണ്ടമധുരമുള്ളൊരു പ്രണയഗാനത്തിന്റെ അകമ്പടിയോടെ അനുരാഗലോലരായ കമിതാക്കളുടെ പ്രേമചാപല്യങ്ങൾക്കും സാക്ഷ്യം വഹിക്കുവാൻ അസുലഭമായൊരു അവസരമൊരുങ്ങുന്നു ഈസ്റ്റ്കോസ്റ്റ് മൂവീസിന്റെ ബാനറിൽ ഈസ്റ്റ്കോസ്റ്റ് വിജയൻ നിർമ്മിച്ച് സംവിധാനം ചെയ്യുന്ന ‘ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ’ എന്ന സിനിമയിലൂടെ.
മലയാളഗാനശാഖയിൽ പ്രണയാമൃതങ്ങളുടെ സ്ഫടികപാത്രം നിറച്ച രാഗവിരഹങ്ങളുടെ ഒരുപിടി ഗാനങ്ങൾ സമ്മാനിച്ച ഈസ്റ്റ്കോസ്റ്റ് വിജയന്റെ തൂലികയിൽ നിന്ന് ‘പരിഭവം നമുക്കിനി പറഞ്ഞുതീർക്കാം.’ എന്നുതുടങ്ങുന്ന മധുരമൂറുന്ന വരികളെ എം ജയചന്ദ്രൻ ഇമ്പമുള്ളൊരു മെലഡിയാക്കി മാറ്റി. അത് പാടിയതോ.. ഇന്ത്യയുടെ പ്രിയഗായകൻ, മലയാളിയുടെ സ്വകാര്യ അഹങ്കാരം കെ ജെ യേശുദാസ്..
എത്രകേട്ടാലും മതിവരാത്ത ഈ ഗാനം അതിമനോഹരമായി നേരത്തെപറഞ്ഞ തിരുവനന്തപുരം നഗരപ്രാന്തപ്രദേശത്തെ കുന്നിന്മുകളിൽവച്ച് അനിൽനായർ തന്റെ ക്യാമറയിൽ പകർത്തിയ സൂര്യാസ്തമയത്തോടൊപ്പം ഇരട്ടിമധുരമായി നമുക്കാസ്വദിക്കാം.. പൂർവ്വജന്മസുകൃതമായി ഈ ആനന്ദഗാനധാര നമുക്കുനൽകിയ അണിയറപ്രവർത്തകരെ സ്മരിക്കാം..
Post Your Comments