![niyamasabha](/wp-content/uploads/2019/05/niyamasabha.jpg)
തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും. സമ്മേളനത്തില്‍ എംപിമാരായി ജനിച്ച നാല് എംഎല്‍എമാരും എത്തും. ആദ്യ ദിനം കെ എം മാണി അനുസ്മരണം മാത്രമായിരിക്കുംനടത്തുക. ജൂലൈ അഞ്ച് വരെയാണ് സമ്മേളനം. കേരളാ കോണ്‍ഗ്രസില്‍ നിയമസഭാ കക്ഷി നേതാവിനെ ചൊല്ലി രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് സഭാ സമ്മേളനം നടക്കുന്നത്.
കെ മുരളീധരന്‍, അടൂര്‍ പ്രകാശ്, എ എം ആരിഫ്, ഹൈബി ഈഡന്‍ എന്നീ നാലു എംഎല്‍എമാര്‍ സഭയിലെത്തുന്നത് നിയുക്ത എംപിമാരായിട്ട് കൂടിയാണ്. എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ ഇവര്‍ക്ക് രണ്ടാഴ്ചത്തെ സമയമുണ്ട്. സമ്മേളനത്തിന്റെ ആദ്യ ദിനങ്ങളില്‍ നാലുപേരും സഭയിലെത്തുന്നുണ്ട്. എംഎല്‍എമാരുടെ എണ്ണം കുറഞ്ഞെങ്കിലും സംസ്ഥാനത്തെ തകര്‍പ്പന്‍ വിജയത്തിന്റെ കരുത്തിലാകും പ്രതിപക്ഷനീക്കങ്ങള്‍.
മാണിയുടെ അഭാവത്തില്‍ ഉപനേതാവായ പിജെ ജോസഫിന് മുന്‍നിരയിലെ ഇരിപ്പിടം നല്‍കണമെന്ന് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി മോന്‍സ് ജോസഫ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. കത്ത് തള്ളിക്കൊണ്ട് പാര്‍ട്ടി വിപ്പെന്ന നിലയില്‍ റോഷി അഗസ്റ്റിന്‍ എംഎല്‍എയും സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. നേതാവിനെ തെരഞ്ഞെടുക്കാന്‍ സാവകാശം ആവശ്യപ്പെട്ടായിരുന്നു റോഷി സ്പീക്കര്‍ക്ക് ബദല്‍ കത്ത് നല്‍കിയത്. എന്നാല്‍ നിലവിലെ ഉപനേതാവ് എന്ന നിലയില്‍ മുന്‍ നിരയിലെ സീറ്റ് ജോസഫിന് നല്‍കുമെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.
മൂന്നാം വര്‍ഷത്തിലേക്ക് കടന്ന സര്‍ക്കാര്‍ കനത്ത തോല്‍വിയില്‍ പ്രതിരോധത്തിലാണ്. പ്രതിപക്ഷ വിമര്‍ശനങ്ങള്‍ മുഴുവന്‍ മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചായിരിക്കും എന്നത് ഉറപ്പാണ്. സഭയില്‍ എന്‍ഡിഎ സംഖ്യ രണ്ടായെങ്കിലും ദേശീയ തലത്തിലെ വന്‍മുന്നേറ്റം പറഞ്ഞ് മാത്രം രാജഗോപാലിനും പി സി ജോര്‍ജ്ജിനും പിടിച്ചുനില്‍ക്കാനാകില്ല.
Post Your Comments