തൃശൂർ : 21 കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശികൾ എക്സൈസ് സംഘത്തിന്റെ പിടിയിലായി.തൃശ്ശൂരിലെ പൂത്തോൾ റെയിൽവേ സ്റ്റേഷന്റെ പരിസരത്തു നിന്നാണ് ബാഗിൽ കടത്തി കൊണ്ടു വന്ന കഞ്ചാവ് എക്സൈസ് പിടികൂടിയത്.ആന്ധ്രയിൽ നിന്നും കോയമ്പത്തൂർ വഴി കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘമാണ് പിടിയിലായത്.
തമിഴ്നാട് തിരുപ്പൂർ സ്വദേശി കറുപ്പയ (34) സെന്തിൽ കുമാർ (38) ചെല്ലദുരൈ (35) എന്നിവരാണ് പിടിയിലായത്. ആന്ധ്രയിൽ നിന്നും കഞ്ചാവ് കോയമ്പത്തൂർ വഴി കേരളത്തിലെ ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കാറുണ്ടെന്നും മലയാളിയായ ഒരാളാണ് പിന്നിൽ പ്രവർത്തിക്കുന്നതെന്നും അയാളുടെ നിർദേശ പ്രകാരം എത്തിച്ചു തരുന്ന ബാഗ് കൈമാറ്റം ചെയുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നും പ്രതികൾ മൊഴി നൽകി. 25000 രൂപ പ്രതിഫലം കിട്ടുമെന്നും പ്രതികൾ വ്യക്തമാക്കി.
തൃശ്ശൂർ എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻറ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ജിജു ജോസ്. പി യുടെ നേതൃത്വത്തിലാണ് സംഘത്തെ പിടികൂടിയത്. കഴിഞ്ഞ 17 ന് 10 കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയിലായിരുന്നു. ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെക്കൂടി പിടികൂടാൻ സാധിച്ചത്. ഷാഡോ എക്സൈസ് ഉദ്യോഗസ്ഥർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിരീക്ഷണം നടത്തിയിരുന്നു.
റെയ്‌ഡിൽ എക്സൈസ് ഇൻസ്‌പെക്ടർ s. ഷാജി പ്രിവന്റീവ് ഓഫീസർ എം.ജി. അനൂപ്കുമാർ, വി. എ.ഉമ്മർ, കെ.സി. അനന്തൻ ഷാഡോ ടീം അംഗങ്ങളായ അബ്ദുൽ ജബ്ബാർ, നിധിൻ മാധവൻ, സ്മിബിൻ, ബിബിൻ ഭാസ്കർ സിവിൽ എക്സൈസ് ഓഫീസർമാരായ ഗിരിധരൻ, സന്തോഷ് എന്നിവർ പങ്കെടുത്തു.
Post Your Comments