ന്യൂഡല്‍ഹി: ഹിന്ദൂജ ഗ്രൂപ്പില്‍പെട്ട വാണിജ്യ വാഹന നിര്‍മാതാക്കളായ അശോക് ലെയ്ലന്‍ഡ് ആഫ്രിക്കയ്ക്കായി പ്രത്യേകം വികസിപ്പിച്ച ‘ഈഗിള്‍ 916’ മിനി ബസുകളെ പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ സെനഗലിനു വില്‍ക്കാന്‍ ഒരുങ്ങുന്നു. സെനഗല്‍ തലസ്ഥാനമായ ഡാകര്‍ ആസ്ഥാനമായ പ്രവര്‍ത്തിക്കുന്ന സെന്‍ബസ് ഇന്‍ഡസ്ട്രീസിന് 400 മിനി ബസ് ലഭ്യമാക്കാനുള്ള കരാറാണ് ഇന്ത്യന്‍ കമ്പനിയായ അശോക് ലെയ്‌ലന്‍ഡ് നേടിയത്.
ആഫ്രിക്കയില്‍ പരീക്ഷണഓട്ടം പൂര്‍ത്തിയാക്കിയ ശേഷമാണ് ‘ഈഗിള്‍ 916’ വാണിജ്യാടിസ്ഥാനത്തില്‍ നിരത്തിലെത്തുന്നത്. ജൂണ്‍ അവസാനത്തോടെ ബസുകള്‍ സെനഗലില്‍ എത്തിക്കാനാവുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. സെനഗലിലെ ഗ്രാമീണ മേഖലകളെ നഗരങ്ങളുമായി ബന്ധിപ്പിക്കാനാവും ഈ മിനി ബസുകള്‍ പ്രധാനമായും ഉപയോഗിക്കുക. മൊത്തം 1.006 കോടി യൂറോ അതായത് ഏകദേശം 78.82 കോടി രൂപയാണു മിനി ബസ്സുകളുടെ വില. മലിനീകരണ നിയന്ത്രണത്തില്‍ യൂറോ മൂന്ന് നിലവാരമുള്ള ഈ ബസുകളില്‍ ഇന്‍ലൈന്‍ പമ്പ് ഉള്‍പ്പെടെ മികച്ച സാങ്കേതികവിദ്യയാണുള്ളത്.
സെമി നോക്ക്ഡ് ഡൗണ്‍ വ്യവസ്ഥയില്‍ സെനഗലിലെത്തിക്കുന്ന ബസുകള്‍ പ്രാദേശികമായി അസംബ്ള്‍ ചെയ്യാന്‍ സെന്‍ബസുമായി സഹകരിക്കാനും അശോക് ലെയ്‌ലന്‍ഡ് തയ്യാറെടുക്കുന്നുണ്ട്. ഇതിനായി എന്‍ജിനീയര്‍മാരുടെ സംഘത്തെ സെനഗലിലേക്ക് അയയ്ക്കാനാണു ലെയ്‌ലന്‍ഡ് കമ്പനിയുടെ തീരുമാനം. ഡാകറില്‍ വര്‍ക്ഷോപ് സജ്ജീകരിക്കാനും സെന്‍ബസ് ഇന്‍ഡസ്ട്രീസ് തയാറെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മുന്‍പ് സെനഗലിലെ ഡാകര്‍ ഡെം ഡിക്കിന് 475 ബസുകള്‍ അശോക് ലേയ്ലന്‍ഡ് വിജയകരമായി കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണു പുതിയ ഓര്‍ഡര്‍ ലഭിച്ചതെന്ന് കമ്പനി വ്യക്തമാക്കി.
Post Your Comments