കൊളംബോ : ശ്രീലങ്കയില്‍ തിങ്കളാഴ്ച മുതല്‍ ഏര്‍പ്പെടുത്തിയ നിശാനിയമം ചില മേഖലകളില്‍ തുടരാന്‍ തീരുമാനം. 258 പേര്‍ കൊല്ലപ്പെട്ട ചാവേര്‍ സ്‌ഫോടനങ്ങള്‍ക്കു ശേഷം മൂന്നാഴ്ച പിന്നിടുമ്പോഴാണ് വിവിധ ജില്ലകളില്‍ വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. വര്‍ഗീയസംഘര്‍ഷം നേരിടാന്‍ യുഎസ് സൈന്യത്തിന്റെ സഹായം തേടിയെന്ന പ്രതിപക്ഷ ആരോപണം സര്‍ക്കാര്‍ നിഷേധിച്ചു.
വിദേശ സേനയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും സൈനിക വക്താവും പറഞ്ഞി. ആക്രമണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ യുഎസ്, ബ്രിട്ടന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായം മാത്രമാണു തേടിയതെന്ന് ധനമന്ത്രി മംഗല സമരവീര വ്യക്തമാക്കി.
അക്രമങ്ങള്‍ നടത്തിയ എല്ലാവരെയും പിടികൂടിയതായി പൊലീസ് അവകാശപ്പെട്ടു. അറസ്റ്റിലായവരില്‍ 33 പേരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. എന്നാല്‍, അക്രമസംഭവങ്ങള്‍ തടയാതെ പൊലീസും സൈന്യവും കാഴ്ചക്കാരായെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ജനക്കൂട്ടം കടകളും ആരാധനാലയങ്ങളും ആക്രമിക്കുന്നത് സൈന്യത്തിന്റേതെന്നു കരുതുന്ന യൂണിഫോം ധരിച്ച ഒരാള്‍ നോക്കി നില്‍ക്കുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്. സൈന്യം ഇതു സംബന്ധിച്ച് അന്വേഷണമാരംഭിച്ചു.വര്‍ഗീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് 100 പേര്‍ അറസ്റ്റിലായി. സമൂഹമാധ്യമ നിരോധനം നീക്കിയിട്ടില്ല. സ്‌കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇന്നലെ പ്രവര്‍ത്തിച്ചു.
Post Your Comments