സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവായ ഗോഡ്സെ ആണെന്ന കമല്‍ഹാസന്റെ വിവാദ പരാമര്‍ശത്തിന് വിശദീകരണവുമായി മക്കള്‍ നീതി മയ്യം രംഗത്ത്. കമല്‍ പറയാത്ത കാര്യങ്ങള്‍ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തി അദ്ദേഹം ഹിന്ദു വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് വ്യാഖ്യാനിക്കുകയായിരുന്നു മാധ്യമങ്ങളും ചില തല്‍പര കക്ഷികളും. മതത്തിന്റെ പേരില്‍ ഉടലെടുക്കുന്ന തീവ്രവാദത്തെയാണ് കമല്‍ ഉദ്ദേശിച്ചതെന്നും മക്കള്‍ നീതി മയ്യം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. മെയ് 12ന് ചെന്നൈയില്‍ നടന്ന ഒരു പാര്‍ട്ടി യോഗത്തിലാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണ്, അയാളുടെ പേര് നാഥുറാം ഗോഡ്‌സേ എന്നാണെന്നും കമലഹാസന്‍ പറഞ്ഞത്. കമലിന്റെ പ്രസംഗത്തെ തുടര്‍ന്ന് മക്കള്‍ നീതി മയ്യത്തിന്റെ ഓഫീസിനു നേരെയും സുരക്ഷാ ഭീഷിണി ഉണ്ടായിരുന്നു. ഇതേ സമയം കമലിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വനി ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.
Post Your Comments