കാസര്‍ഗോഡ് : പൊലീസിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ മണല്‍ മാഫിയ സംഘത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. സംഘത്തിന് തോക്ക് കൈമാറിയത് ഡോണ്‍ തസ്ലിമാണെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം . പൊലീസ്, മണല്‍ക്കടത്ത് കാര്‍ പിടികൂടിയതിന് പിന്നാലെ എയ്ഡ്‌പോസ്റ്റിലെത്തി പോലീസിനെ വെടിവെക്കുമെന്ന് സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് റെയ്ഡ് നടത്തി യുവാവിന്റെ വീട്ടില്‍ നിന്നും തോക്ക് കണ്ടെത്തുകയും ചെയ്തു. ഇതോടെ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വീട് റെയ്ഡ് ചെയ്ത് തോക്ക് പിടികൂടിയ സംഭവത്തില്‍ ചെമ്പരിക്ക സ്വദേശി ഷംസീറി (23)നെയാണ് മേല്‍പറമ്പ് പോലീസ് അറസ്റ്റു ചെയ്തത്. യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് തന്റെ കൂടെയുള്ള മറ്റു രണ്ടു പേര്‍ക്ക് കൂടി തോക്കുള്ളതായി യുവാവ് വെളിപ്പെടുത്തിയത്. എന്നാല്‍ ഇതില്‍ ഒരു തോക്ക് കളിത്തോക്കാണെന്നും യുവാവ് മൊഴി നല്‍കിയിട്ടുണ്ട്.
തനിക്ക് തോക്ക് നല്‍കിയത് ചെമ്പരിക്കയിലെ ഡോണ്‍ തസ്ലീം എന്നറിയപ്പെടുന്ന യുവാവാണെന്നും അറസ്റ്റിലായ ഷംസീര്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ മറ്റ് പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പോലീസിനെ ഭീഷണിപ്പെടുത്തിയതിന് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്യുമെന്നാണ് പോലീസ് പറയുന്നത്. ആംസ് ആക്ട് പ്രകാരമാണ് യുവാവിനെ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. ഇപ്പോള്‍ അറസ്റ്റിലായ യുവാവിന്റെ കൂട്ടുകാര്‍ക്ക് മയക്കുമരുന്ന് സംഘവുമായുള്ള ബന്ധത്തെ കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
Post Your Comments