NewsIndia

ഇറോം ശര്‍മ്മിളയുടെയും ഇരട്ടക്കുട്ടികളുടെയും ചിത്രങ്ങള്‍ പുറത്ത്

 

ബംഗളൂരു: സൈന്യത്തിന് നല്‍കുന്ന പ്രത്യേകാവകാശങ്ങള്‍ക്കെതിരെ പട്ടിണി സമരത്തിലൂടെ ശ്രദ്ധ നേടിയ മണിപ്പൂരി മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മ്മിള ഇരട്ടപ്പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കി. ബംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ലോക മാതൃദിനത്തിലാണ് ഇറോം ശര്‍മ്മിള ഇരട്ടക്കുട്ടികളുടെ അമ്മയായത്. നിക്സ് ശാഖി, അതുന്‍ താര എന്നിങ്ങനെയാണ് ഇരട്ടക്കുട്ടികള്‍ക്ക് പേരിട്ടിരിക്കുന്നത്.

ജനിച്ച് ഒരു ദിവസം കഴിഞ്ഞിരിക്കെ അമ്മയുടേയും കുഞ്ഞുങ്ങളുടേയും ചിത്രങ്ങള്‍ പുറത്തായി. സ്വകാര്യത സംരക്ഷിക്കണമെന്ന ദമ്പതികളുടെ അഭ്യര്‍ത്ഥന മാനിച്ച് കുട്ടികളെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടുന്നില്ലെന്നായിരുന്നു നേരത്തെ ബംഗളൂരു മല്ലേശ്വരം ക്ലൗഡ്നയണ്‍ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍ അറിയിച്ചത്.

16പേരെ വെടിവെച്ചുകൊന്ന മാലോം കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ 2000ത്തിലാണ് ഇറോം ശര്‍മ്മിള അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്. പിന്നീട് മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സൈന്യത്തിന് നല്‍കിയിരിക്കുന്ന പ്രത്യേക അവകാശങ്ങള്‍ക്കെതിരെയുള്ള പോരാട്ടമാക്കി മാറ്റുകയായിരുന്നു. 16 വര്‍ഷത്തെ തുടര്‍ച്ചയായ സമരത്തിനൊടുവില്‍ 2016ല്‍ സമരം അവസാനിപ്പിക്കുകയും രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തീരുമാനിക്കുകയുമായിരുന്നു. 2017 ഓഗസ്റ്റില്‍ കൊടൈക്കനാലില്‍ വെച്ച് ദീര്‍ഘകാല സുഹൃത്തും പങ്കാളിയുമായ ബ്രിട്ടീഷ് പൗരന്‍ ദേശ്മൗണ്ട് ആന്റണി ബെല്ലര്‍നൈന്‍ കുടിന്‍ഹോയെ വിവാഹം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button