ഏറെ ദിവസത്തെ അനിശ്ചിതത്വങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിനുള്ള അനുമതി ലഭിച്ചു, ചില നിബന്ധനകളോടെ.തൃശൂര്‍ പൂരവിളംബരത്തിനു ഗജവീരന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാരും ജില്ലാ കലക്‌ടറും അനുകൂലനിലപാടെടുത്തതോടെ പൂരനഗരി ആഹ്‌ളാദത്തിമിര്‍പ്പിലായി.ഇന്നത്തെ വൈദ്യപരിശോധനയുടെ കടമ്പകൂടി കടന്നാല്‍, നെയ്‌തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കേഗോപുരനട തുറക്കാന്‍ നാട്ടാനകളിലെ ഏകഛത്രാധിപതി എത്തും.
ആനയുടെ ആരോഗ്യസ്‌ഥിതി പരിശോധിച്ച് തൃപ്‌തികരമെങ്കില്‍ പൂരം വിളംബരത്തിന് ഒരുമണിക്കൂര്‍ എഴുന്നള്ളിക്കാമെന്നു കലക്‌ടര്‍ ടി.വി. അനുപമ ജില്ലാതല നിരീക്ഷണസമിതി യോഗത്തില്‍ അറിയിച്ചു. മൂന്നു വെറ്ററിനറി ഡോക്‌ടര്‍മാരടങ്ങുന്ന സംഘം ഇന്നു രാമചന്ദ്രനെ പരിശോധിക്കും. നിയന്ത്രണങ്ങളോടെയാകും ആനയെ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കുകയെന്നു കലക്‌ടര്‍ വ്യക്‌തമാക്കി. പൂരം വിളംബരത്തിനായി തെക്കേഗോപുരനട തുറക്കുന്ന ചടങ്ങിനെത്തുന്ന പൂരപ്രേമികളെ ബാരിക്കേഡ് ഉപയോഗിച്ച് നിയന്ത്രിക്കാന്‍ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൂരം നിരീക്ഷണ സമിതി തീരുമാനിച്ചു.
കളക്ടറുടെ തീരുമാനം വന്നതോടെ തൃശൂര്‍ പൂരത്തിന് ആനകളെ നല്‍കില്ലെന്ന നിലപാടില്‍നിന്ന് ആന ഉടമകള്‍ പിന്മാറി. രാമചന്ദ്രനെ എഴുന്നള്ളിക്കാമെന്ന് അധികൃതരില്‍നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും, സര്‍ക്കാര്‍ പറയുന്ന ഏതു നിര്‍ദേശത്തോടും സഹകരിക്കുമെന്നും ആവശ്യമെങ്കില്‍ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും ആന ഉടമകള്‍ പറഞ്ഞു. ചടങ്ങില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നുവെങ്കില്‍ പരിപൂര്‍ണ ഉത്തരവാദിത്വം ഉടമ എന്ന നിലയ്ക്ക് തെച്ചിക്കോട്ടുകാവ് ദേവസ്വം ഏറ്റെടുക്കും.ര്‍ഷങ്ങളായി നെയ്‌തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നതു തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്.
വടക്കുന്നാഥക്ഷേത്രത്തിലെ തെക്കേഗോപുരനട മുട്ടിത്തുറന്ന് പൂരവിളംബരം നടത്തുന്നതും ഈ ആനയാണ്. എന്നാല്‍ ഇക്കൊല്ലം ജില്ലാ കലക്‌ടറും വനംവകുപ്പ് അസിസ്‌റ്റന്റ് കണ്‍സര്‍വേറ്ററും ഇതു തടയുമെന്ന് ആശങ്കയുണ്ടെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. എന്നാല്‍, ഇക്കാര്യത്തില്‍ ഇടപെടാനാകില്ലെന്നു കോടതി വ്യക്‌തമാക്കി. ആവശ്യമെങ്കില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരവിളംബരത്തില്‍ മാത്രം എഴുന്നള്ളിക്കാമെന്നായിരുന്നു നിയമോപദേശം. പൊതുതാത്‌പര്യം പറഞ്ഞ് ഭാവിയില്‍ ഇത് അംഗീകരിക്കരുതെന്നും എ.ജി. നിര്‍ദേശിച്ചു. കര്‍ശന ഉപാധികളോടെയാണ് അനുമതി നല്‍കേണ്ടത്.
ആനയെ പ്രകോപിപ്പിക്കില്ലെന്ന് ഉറപ്പാക്കണം. ജനങ്ങളെ നിശ്‌ചിത അകലത്തില്‍ മാറ്റിനിര്‍ത്തണം. അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നു നിയമോപദേശത്തില്‍ പറയുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതില്‍ പ്രതിഷേധിച്ച് തൃശൂര്‍ പൂരമടക്കം ഒരു ഉത്സവത്തിനും ഇന്നുമുതല്‍ ആനകളെ വിട്ടുനല്‍കില്ലെന്ന നിലപാടിലായിരുന്നു ആനയുടമകളുടെ സംഘടന.
Post Your Comments