ഭോപ്പാല്‍•2002 ലെ ഗോദ്ര കലാപത്തിന് ശേഷം, അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയി ഒരുങ്ങിയതാണെന്ന് മുന്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ. എന്നാല്‍ ആഭ്യന്തര മന്ത്രിയായിരുന്ന എല്‍.കെ അദ്വാനി രാജി ഭീഷണി മുഴക്കിയതിനെത്തുടര്‍ന്ന് വാജ്‌പേയി തന്റെ തീരുമാനത്തില്‍ നിന്നും പിന്മാറുകയായിരുന്നുവെന്നും സിന്‍ഹ അവകാശപ്പെട്ടു.
രാജ്യത്തെ നടുക്കിയ ഗുജറാത്ത് കലാപത്തിന് ശേഷം മുഖ്യമന്ത്രിയായിരുന്ന മോദിയെ രാജിവയ്പ്പിക്കാന്‍ വാജ്പേയ് തീരുമാനിച്ചതായിരുന്നു. രാജി വയ്ക്കുന്നില്ലെങ്കില്‍ ഗുജറാത്ത് സര്‍ക്കാരിനെ തന്നെ പിരിച്ചുവിടണമെന്നും 2002 ല്‍ ഗോവയില്‍ നടന്ന ദേശീയ എക്സിക്യൂട്ടിവ് യോഗത്തില്‍ വാജ്പേയ് പറഞ്ഞിരുന്നു-സിന്‍ഹ അവകാശപ്പെട്ടു.
‘പാര്‍ട്ടിക്കുള്ളില്‍ ഒരു ചര്‍ച്ച നടന്നു. എനിക്ക് ലഭിച്ച വിവരം അനുസരിച്ച്, അദ്വാനി മോദി സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള തീരുമാനത്തെ എതിര്‍ത്തു. അടല്‍ജി മോദിജിയെ പുറത്താക്കിയാള്‍ താന്‍ സര്‍ക്കാരില്‍ നിന്നും രാജിവയ്ക്കുമെന്ന് അദ്ദേഹം (അദ്വാനി) പറഞ്ഞു. അതുകൊണ്ട് അദ്ദേഹം (വാജ്പേയി) തന്റെ തീരുമാനത്തില്‍ നിന്ന് പിന്മാറുകയും മോദിജി തുടരുകയുമായിരുന്നു’ -സിന്‍ഹ പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വിഷയത്തില്‍ മോദി നുണ പറയുകയാണ്, ഇത്തരത്തില്‍ കള്ളം പറയുന്നത് പ്രധാനമന്ത്രി പദത്തിന് ചേര്‍ന്ന നടപടിയല്ലെന്നും ഒരു ചോദ്യത്തിന് മറുപടിയായി സിന്‍ഹ പറഞ്ഞു.
മുന്‍ നേവല്‍ ഓഫീസര്‍ തന്നെ ഇതിന് വ്യക്തത നല്‍കിയ സാഹചര്യത്തില്‍ ആരോപണത്തില്‍ യാതൊരു കാര്യവുമില്ലെന്നും സിന്‍ഹ പറഞ്ഞു.
Post Your Comments