തൃശൂര്‍ : തൃശൂര്‍പൂരം സംബന്ധിച്ച് പ്രതികരണവുമായി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും സര്‍ക്കാര്‍ പരിഹരിക്കുമെന്ന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍. തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ കാര്യത്തില്‍ നിയമോപദേശം തേടുമെന്നും മന്ത്രി പറഞ്ഞു. ആന ഉടമകളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
അതേസമയം, തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കണമെന്ന് കോടതി പറഞ്ഞാല്‍ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്നും എന്നാല്‍ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞാല്‍ ഉത്തരവാദപ്പെട്ടവര്‍ മറുപടി പറയേണ്ടിവരുമെന്നും മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. പൂരത്തില്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ വിലക്കിയ സംഭവത്തിലാണ് മന്ത്രി പ്രതികരണമറിയിച്ചത്. തെച്ചിക്കോട്ട് രാമചന്ദ്രനെ വിലക്കിയത് ജില്ലാ കളക്ടറാണ്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ നിര്‍ബന്ധബുദ്ധിയില്ല. ഇക്കാര്യം കോടതിയില്‍ വ്യക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതിനെതിരായ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് മന്ത്രി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. തൃശൂര്‍ കളക്ടര്‍ അദ്ധ്യക്ഷയായ നാട്ടാന നിരീക്ഷക സമിതിയുടെ വിലക്ക് ചോദ്യം ചെയ്ത് തെച്ചിക്കോട് കാവ് ദേവസ്വം നല്‍കിയ ഹര്‍ജിയാണ് നാളെ ഹൈക്കോടതി പരിഗണിക്കുന്നത്. പന്ത്രണ്ട് പേരെ കൊലപ്പെടുത്തുകയും കാഴ്ച ഇല്ലാതാവുകയും ചെയ്ത ആന സുരക്ഷാ പ്രശനങ്ങള്‍ ഉണ്ടാക്കുമെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ നിരീക്ഷക സമിതി തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ പൂരം എഴുന്നെള്ളിപ്പില്‍ നിന്നും വിലക്കിയത്.
Post Your Comments